ന്യൂദല്‍ഹി-കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശവുമായി ആര്‍.എസ്.എസ്. അനുബന്ധ സംഘടനയായ സ്വദേശി ജാഗരണ്‍ മഞ്ച്. പുതിയ കാര്‍ഷിക നിയമങ്ങള്‍ വന്‍കിട കമ്പനികള്‍ക്ക് കര്‍ഷകരെ ചൂഷണം ചെയ്യുന്നതിന് വഴിയൊരുക്കുമെന്ന് സ്വദേശി ജാഗരണ്‍ മഞ്ച് കഴിഞ്ഞ ദിവസം ചേര്‍ന്ന വാര്‍ഷിക യോഗത്തില്‍ പാസ്സാക്കിയ പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.കേന്ദ്ര സര്‍ക്കാര്‍ നിയമങ്ങള്‍ കൊണ്ടുവന്നത് സദുദ്ദേശ്യത്തോടെ ആയിരിക്കാമെന്നും എന്നാല്‍ നിയമങ്ങളിലെ പഴുതുകള്‍ ഇല്ലാതാക്കാന്‍ ഭേദഗതികള്‍ അനിവാര്യമാണെന്നും മഞ്ച് വ്യക്തമാക്കി. അതേസമയം, നിയമങ്ങള്‍ പിന്‍വലിക്കണമെന്ന കര്‍ഷക സംഘടനകളുടെ ആവശ്യത്തിന് പിന്തുണ നല്‍കാന്‍ മഞ്ച് തയ്യാറായിട്ടില്ല. 'വന്‍കിട കമ്പനികള്‍ സംഭരണ മേഖലയിലെത്തുന്നത് കര്‍ഷകരുടെ ചൂഷണത്തിനിടയാക്കും. പുതിയ നിയമങ്ങള്‍ ഉത്പന്നങ്ങള്‍ മണ്ഡികള്‍ക്ക് പുറത്ത് വില്‍ക്കുന്നതിന് കര്‍ഷകരെ നിര്‍ബ്ബന്ധിതരാക്കും. ആത്യന്തികമായി കോര്‍പറേറ്റുകളുടെ താല്‍പര്യ സംരക്ഷണത്തിലേക്കാണ് ഇത് നയിക്കുക.'
താങ്ങുവില ഉറപ്പാക്കുന്നതിനും ഒരു വിപണനവും താങ്ങുവിലയ്ക്കു താഴെ നടക്കുന്നില്ലെന്നും ഉറപ്പുവരുത്താനായി നിയമ ഭേദഗതി വേണമെന്നും മഞ്ച് ആവശ്യപ്പെട്ടു. കാര്‍ഷിക ഉത്പന്ന കമ്പോള സമിതികള്‍ (എ.പി.എം.സി.) കര്‍ഷകര്‍ക്ക് താങ്ങുവില ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്ന സംവിധാനമാണെന്ന് മഞ്ച് ചൂണ്ടിക്കാട്ടി. 'ഈ സാഹചര്യത്തില്‍ എ.പി.എം.സിക്ക് പുറത്ത് കാര്‍ഷിക ഉത്പന്നങ്ങളുടെ വിപണനം സാദ്ധ്യമാക്കുന്ന നിയമങ്ങള്‍ കൊണ്ടുവരുമ്പോള്‍ താങ്ങുവില ഉറപ്പാക്കുന്നതില്‍ നടപടിയുണ്ടാവണം.'
കൂടുതല്‍ മണ്ഡികള്‍ക്ക്(എ.പി.എം.സി.) രൂപം നല്‍കുകയാണ് അടിയന്തര ആവശ്യമെന്നും മഞ്ച് പറഞ്ഞു.