ന്യൂദല്‍ഹി- ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് നിരോധിത സിമിയുമായി ബന്ധമുണ്ടെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ബോധിപ്പിച്ചു.
സിദ്ദീഖ് കാപ്പന് നിരോധിത സംഘടനയുടെ എക്‌സിക്യൂട്ടീവ് അംഗങ്ങളുമായി അടുത്ത ബന്ധമുണ്ടെന്ന് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ യു.പി സര്‍ക്കാര്‍ പറയുന്നു.
ദല്‍ഹി കലാപക്കേസിലെ പ്രതിയായ മുഹമ്മദ് ഡാനിഷിന്റെ നിര്‍ദേശാനുസരണമാണ് സിദ്ദീഖ് കാപ്പന്‍ ഹാത്രസിലേക്ക് പുറപ്പെട്ടതെന്നും ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി റൗഫ് ഷെരീഫാണ് സംഘത്തിന് വേണ്ട ക്രമീകരണങ്ങള്‍ നടത്തിയതെന്നും ആരോപണമുണ്ട്. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായാണ് സിദ്ദീഖ് കാപ്പന്‍ ഹാത്രസിലേക്ക് പോയതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
യു.പി സര്‍ക്കാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ പത്രപ്രവര്‍ത്തക യൂനിയന് (കെ.യു.ഡബ്ല്യൂ.ജെ) സുപ്രീം കോടതി സമയം അനുവദിച്ചു.