ന്യൂദല്‍ഹി- അതിര്‍ത്തി നിയന്ത്രണ രേഖയില്‍ മാറ്റം വരുത്താനുള്ള ചൈനയുടെ നീക്കങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ കരയിലും കടലിലും ആകാശത്തും വലിയ തയാറെടുപ്പുകള്‍ നടന്നു വരികയാണെന്ന് സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് പറഞ്ഞു. രാജ്യത്തിന്റെ ഭൂമിയും കടലും ആകാശവും സംരക്ഷിക്കുന്നതില്‍ ഇന്ത്യന്‍ സേനകള്‍ സര്‍വസജ്ജമാണെന്ന് അദ്ദേഹം പറഞ്ഞു. ലഡാക്കില്‍ പ്രതിസന്ധി നിലനില്‍ക്കുന്നുണ്ട്. ചൈനയുടെ തിബറ്റ് മേഖലയില്‍ ചില നീക്കങ്ങളും നടന്നു വരുന്നുണ്ട്. എല്ലാ രാജ്യവും തന്ത്രപ്രധാന താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായി തയാറെടുപ്പുകള്‍ നടത്തുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞതായി എഎന്‍ഐ റിപോര്‍ട്ട് ചെയ്യുന്നു.
15 ദിവസം വരെ നീണ്ടു നില്‍ക്കുന്ന ശക്തമായ യുദ്ധത്തിന് ആവശ്യമായ ആയുധങ്ങളും വെടിക്കോപ്പുകളും വാങ്ങി ശേഖരിക്കാന്‍ സേനകള്‍ക്ക് പ്രത്യേക അധികാരം നല്‍കിയെന്ന റിപോര്‍ട്ടുകള്‍ക്കു പിന്നാലെയാണ് ജനറല്‍ റാവത്തിന്റെ പ്രസ്താവന. ചൈനീസ് അതിര്‍ത്തിയില്‍ ചൈന വലിയ നീക്കങ്ങള്‍ നടത്തുന്നതായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങും പ്രതികരിച്ചിരുന്നു.
ദല്‍ഹിയില്‍ കര്‍ഷക സമരം ശക്തമായി തുടരുന്നതിനിടെയാണ് അതിര്‍ത്തിയില്‍ നിന്നുള്ള വാര്‍ത്തകള്‍ എന്നതും ശ്രദ്ധേയമാണ്. അതിര്‍ത്തി സംഘര്‍ഷവും ദേശീയ സുരക്ഷയും ചൂണ്ടിക്കാട്ടി കര്‍ഷക സമരത്തെ പൊളിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കമാണോ ഇതെന്നും സംശയം ഉണരുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ തുടര്‍ച്ചയായി നടത്തിയ ചര്‍ച്ചാ ശ്രമങ്ങളെല്ലാം പാളുകയും കര്‍ഷകര്‍ തങ്ങളുടെ ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയും ചെയ്യുന്നതിനിടെയാണ് ചൈനയുടെ അതിര്‍ത്തി കടന്നു കയറ്റങ്ങള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയാന്‍ തുടങ്ങിയത്.