ന്യൂദല്‍ഹി- വന്‍സാമ്പത്തിക ബാധ്യതയില്‍പ്പെട്ട് ഉഴലുന്ന ദേശീയ വിമാന കമ്പനി എയര്‍ ഇന്ത്യ സ്വന്തമാക്കാന്‍ ടാറ്റാ ഗ്രൂപ്പ് താല്‍പര്യ പത്രം സമര്‍പ്പിച്ചതായി റിപോര്‍ട്ട്. കമ്പനിയെ ഏറ്റെടുക്കാനുള്ള താല്‍പര്യ പത്രം സമര്‍പ്പിക്കാനുള്ള അവസാന തീയതിയാണ് ഇന്ന്. ജനുവരിയിലാണ് കേന്ദ്ര സര്‍ക്കാര്‍ എയര്‍ ഇന്ത്യയെ വില്‍പ്പനയ്ക്കു വച്ചത്. എന്നാല്‍ വന്‍ ബാധ്യതയാകുന്ന കമ്പനിയെ ഏറ്റെടുക്കാന്‍ ഇതുവരെ ആരും എത്തിയിരുന്നില്ല. എയര്‍ ഇന്ത്യയും ബജറ്റ് വിമാന കമ്പനിയായ എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ എയര്‍ ഇന്ത്യയുടെ മുഴുവന്‍ ഓഹരികളും ഉപ കമ്പനിയായ എയര്‍ ഇന്ത്യ സാറ്റ്‌സ് എയര്‍പോര്‍ട് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡിലെ 50 ശതമാനം ഓഹരികളുമാണ് കേന്ദ്ര സര്‍ക്കാര്‍ വില്‍പ്പനയ്ക്കു വച്ചത്.
62,000 കോടി രൂപയായിരുന്നു എയര്‍ ഇന്ത്യയുടെ കടബാധ്യത. ഇത്രയും ബാധ്യത ഏറ്റെടുക്കാന്‍ ആരും താല്‍പര്യം പ്രകടിപ്പിക്കില്ലെന്നതിനാല്‍ ഈ ബാധ്യത സര്‍ക്കാര്‍ സഹായത്തോടെ കുറച്ചു കൊണ്ടു വരികയും ഇപ്പോള്‍ 23,286 കോടി രൂപയിലെത്തിക്കുകയും ചെയ്തിട്ടുണ്ട്.
നിലവില്‍ മലേഷ്യന്‍ കമ്പനിയായ എയര്‍ ഏഷ്യയുമായുള്ള സംയുക്ത സംരഭമായ എയര്‍ ഏഷ്യ ഇന്ത്യ മുഖേനയാണ് ടാറ്റ എയര്‍ ഇന്ത്യയെ വാങ്ങാന്‍ നീക്കം നടത്തുന്നത്. ഈ സാമ്പത്തിക വര്‍ഷം അവസാനത്തോടെ എയര്‍ ഏഷ്യ ഇന്ത്യയിലെ തങ്ങളുടെ ഓഹരി പങ്കാളിത്തം പടിയായി ഉയര്‍ത്തി 76 ശതമാനത്തിലേറെ ആക്കാനും ടാറ്റയ്ക്ക് പദ്ധതിയുണ്ട്.
ഇന്ത്യയില്‍ ആദ്യമായി വിമാന സര്‍വീസിന് തുടക്കമിട്ടത് ടാറ്റ ഗ്രൂപ്പാണ്. എയര്‍ ഇന്ത്യ സ്ഥാപിച്ചത് ടാറ്റ ഗ്രൂപ്പാണ്. പിന്നീട് ദേശസാല്‍ക്കരിക്കപ്പെടുകയും നിയന്ത്രണം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുകയുമായിരുന്നു. പുതിയ നീക്കം വിജയം കണ്ടാല്‍ 67 വര്‍ഷങ്ങള്‍ക്കു ശേഷം എയര്‍ ഇന്ത്യ വീണ്ടും ടാറ്റയ്ക്കു സ്വന്തമാകും.
ടാറ്റയെ കൂടാതെ എയര്‍ ഇന്ത്യയിലെ ഒരു വിഭാഗം ജീവനക്കാര്‍ ഉള്‍പ്പെടുന്ന സംഘവും എയര്‍ ഇന്ത്യയെ വാങ്ങാന്‍ താല്‍പര്യ പത്രം സമര്‍പ്പിക്കാന്‍ നീക്കം നടത്തുന്നുണ്ട്. തങ്ങള്‍ക്കൊപ്പം ഫണ്ടിറക്കാനുള്ള നിക്ഷേപകരുണ്ടെന്നും ഇവര്‍ പറയുന്നു. ബജറ്റ് എയര്‍ലൈനായി സ്‌പൈസ് ജെറ്റ് മേധാവി അജയ് സിങിനും എയര്‍ ഇന്ത്യയില്‍ കണ്ണുണ്ട്. എന്നാല്‍ താല്‍പര്യ പത്രം സമര്‍പ്പിക്കുന്നത് സംബന്ധിച്ച് അദ്ദേഹം പ്രതികരിച്ചിട്ടില്ല.