ഭോപ്പാല്‍- ക്ഷത്രിയന്മാര്‍ തങ്ങളുടെ കടമകള്‍ മനസ്സിലാക്കണമെന്നും സായുധ സേനയില്‍ ഉള്‍പ്പെടുത്തുന്നതിന് കൂടുതല്‍ കുട്ടികളെ ജനിപ്പിക്കണമെന്നും മാലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയും ബി.ജെ.പിയുടെ ഭോപ്പാല്‍ എംപിയുമായ പ്രഗ്യ സിംഗ് താക്കൂര്‍.
ക്ഷത്രിയന്മാര്‍ക്ക് കൂടുതല്‍ കുട്ടികള്‍ ഉണ്ടായാല്‍ മാത്രമേ, അവര്‍ക്ക് രാജ്യത്തിനായി പോരാടാനും സുരക്ഷ ശക്തിപ്പെടുത്താനും കഴിയുകയുള്ളൂവെന്ന് അവര്‍ സെഹോറില്‍നടന്ന ക്ഷത്രിയ മഹാസഭയുടെ പൊതുയോഗത്തില്‍ പറഞ്ഞു.
നമ്മുടെ ധര്‍മ്മശാസ്ത്രത്തില്‍ സമൂഹത്തെ നാല് വിഭാഗങ്ങളായി വിഭജിച്ചിരിക്കെ ശുദ്രന്മാര്‍ അത് ഉള്‍ക്കൊള്ളാത്തത് അജ്ഞത കൊണ്ടാണെന്ന് പ്രഗ്യാ സിംഗ് പറഞ്ഞു.
ക്ഷത്രിയനെന്നും ബ്രാഹ്മനെന്നും വിളിക്കുമ്പോള്‍ അവര്‍ക്ക് തോന്നാത്ത മോശം ശൂദ്രന്മാര്‍ക്ക് മാത്രം എന്തുകൊണ്ട് തോന്നുന്നുവെന്ന് അവര്‍ ചോദിച്ചു.
ജനസംഖ്യാ വര്‍ധന നിയന്ത്രിക്കുന്നതിനുള്ള നിയമം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കായിരിക്കണമെന്നും രാജ്യത്തിന് വേണ്ടി ജീവിക്കുന്നവര്‍ക്ക് ബാധകമാക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു.
ദരിദ്രര്‍ക്ക് പ്രയോജനപ്പെടുന്നതിനായി സംവരണം സാമ്പത്തിക പശ്ചാത്തലത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം.
കര്‍ഷകരുടെ പേരില്‍ പ്രതിഷേധിക്കുന്നവര്‍ ദേശവിരുദ്ധരാണ്. കോണ്‍ഗ്രസുകാരും ഇടതുപക്ഷക്കാരും കര്‍ഷകരുടെ വസ്ത്രം ധരിച്ച് രാജ്യത്തിനെതിരെ ശബ്ദമുയര്‍ത്തുകയും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയുമാണെന്ന് പ്രഗ്യാ സിംഗ് ആരോപിച്ചു.