Sorry, you need to enable JavaScript to visit this website.

സര്‍ക്കാര്‍ ചെലവില്‍ ഖുര്‍ആന്‍ പഠിപ്പിക്കാനാവില്ല; അസമില്‍ മദ്രസകള്‍ പൂട്ടുന്നു

ഗുവാഹത്തി- അസമില്‍ സര്‍ക്കാര്‍ നടത്തുന്ന  മദ്രസകളും സംസ്‌കൃത സ്‌കൂളുകളും അടച്ചുപൂട്ടാനുള്ള നിര്‍ദേശം സംസ്ഥാന മന്ത്രിസഭാ യോഗം  അംഗീകരിച്ചു. നിയമസഭയുടെ ശീതകാല സമ്മേളനത്തില്‍ തന്നെ ഇതുസംബന്ധിച്ച ബില്‍ അവതരിപ്പിക്കും.

മദ്രസ, സംസ്‌കൃത സ്‌കൂളുകള്‍ എന്നിവയുമായി ബന്ധപ്പെട്ട നിലവിലുള്ള നിയമങ്ങള്‍ റദ്ദാക്കുമെന്നും നിയമസഭയുടെ അടുത്ത സമ്മേളനത്തില്‍  ബില്‍ അവതരിപ്പിക്കുമെന്നും പാര്‍ലമെന്ററി കാര്യമന്ത്രി ചന്ദ്ര മോഹന്‍ പട്ടോവരി പറഞ്ഞു.

മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് സര്‍ക്കാര്‍ നടത്തുന്ന മദ്രസകളും സംസ്‌കൃത സ്‌കൂളുകളും അടച്ചുപൂട്ടാനുള്ള തീരുമാനം.ഡിസംബര്‍ 28 മുതല്‍ അസം നിയമസഭയുടെ ശൈത്യകാല സമ്മേളനം ആരംഭിക്കും.


സര്‍ക്കാര്‍ നടത്തുന്ന മദ്രസകളെ ഹൈസ്‌കൂളുകളാക്കി മാറ്റുമെന്നും നിലവിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കുമെന്നും വിദ്യാഭ്യാസ മന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ഒക്ടോബറില്‍ പറഞ്ഞിരുന്നു.

മദ്രസകളില്‍ ഖുര്‍ആന്‍ പഠിപ്പിക്കാന്‍ അസം സര്‍ക്കാറിന്റെ പണം ഉപയോഗിക്കാന്‍ കഴിയില്ലെന്നും നിലവില്‍ അതിന്റെ ചെലവ് സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഖുര്‍ആന്‍ പഠിപ്പിക്കുന്നതിന് സര്‍ക്കാര്‍ പണം ചെലവഴിക്കുകയാണെങ്കില്‍, ബൈബിള്‍, ഭഗവദ്ഗീത എന്നിവ പഠിപ്പിക്കുന്നതിനും പണം നല്‍കേണ്ടിവരുമെന്ന്  മന്ത്രി പറഞ്ഞു.
അസം സംസ്ഥാന മദ്രസ വിദ്യാഭ്യാസ ബോര്‍ഡ് പിരിച്ചുവിടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.  


സംസ്‌കൃത സ്‌കൂളുകളെ നിയന്ത്രണം കുമാര്‍ ഭാസ്‌കര്‍വര്‍മ സംസ്‌കൃത സര്‍വകലാശാലയ്ക്ക് കൈമാറുമെന്നും അവ ഇന്ത്യന്‍ സംസ്‌കാരത്തെക്കുറിച്ചുള്ള അക്കാദമിക് പഠനഗവേഷണ കേന്ദ്രങ്ങളായി മാറ്റുമെന്നും ശര്‍മ്മ നേരത്തെ ഗുവാഹത്തിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

സ്വകാര്യ  മദ്രസകള്‍ അടച്ചുപൂട്ടില്ലെന്ന് മുതിര്‍ന്ന ബിജെപി നേതാവും നിയമസഭാ ഡെപ്യൂട്ടി സ്പീക്കറുമായ അമിനുല്‍ ഹക്ക് ലസ്‌കര്‍ വ്യക്തമാക്കി.

പെണ്‍കുട്ടികള്‍ക്ക് 57 ഉം ആണ്‍കുട്ടികള്‍ക്ക് മൂന്നും ഉള്‍പ്പടെ 614 സര്‍ക്കാര്‍ എയ്ഡഡ് അംഗീകൃത മദ്രസകളാണ് അസമിലുള്ളത്. 17 മദ്രസകളില്‍ ഉറുദു മാധ്യമത്തിലാണ് പഠനം.

 

Latest News