ദമാം - കേരളത്തിലെ ഇടതുപക്ഷ സർക്കാർ വിജയകരമായി നടപ്പാക്കിയ വിവിധ ജനക്ഷേമപദ്ധതികൾ ത്രിതല തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് വ്യക്തമായ മുൻതൂക്കം നൽകിയെന്ന് സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയും മുൻ എം.എൽ.എയുമായ സത്യൻ മൊകേരി അഭിപ്രായപ്പെട്ടു. നവയുഗം സാംസ്‌കാരികവേദിയുടെ 2021 മെമ്പർഷിപ്പിന്റെ വിതരണോദ്ഘാടനം ഓൺലൈനിൽ സൂം പ്ലാറ്റ്ഫോമിൽ നടന്ന യോഗത്തിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓഖി, പ്രളയം, നിപ്പ, കോവിഡ് തുടങ്ങി ഒട്ടേറെ വെല്ലുവിളികളെ തരണം ചെയ്ത് സാധാരണ ജനങ്ങളുടെ നിത്യജീവിതത്തിന്റെ പ്രധാന പ്രശ്‌നങ്ങളായ ഭക്ഷണം, വീട്, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിൽ വമ്പിച്ച മാറ്റമാണ് സർക്കാർ കൊണ്ടുവന്നത്. അതിന്റെയെല്ലാം ഗുണഫലങ്ങൾ അനുഭവിച്ച സാധാരണജനങ്ങൾ ഇടതുപക്ഷത്തിനെ തന്നെ വിജയിപ്പിക്കും എന്നതിൽ സംശയമില്ലെന്ന് അദ്ദേഹം പറഞ്ഞു.
നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസിമോഹന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നവയുഗം മുൻവൈസ് പ്രസിഡന്റും, പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയുമായ രാജീവ് ചവറ ആശംസാപ്രസംഗം നടത്തി. ജനറൽ സെക്രട്ടറി എം.എ. വാഹിദ് കാര്യറ സ്വാഗതവും, രക്ഷാധികാരി ഷാജി മതിലകം നന്ദിയും പറഞ്ഞു. കേന്ദ്രകമ്മിറ്റി അംഗങ്ങൾ, മേഖല, യൂനിറ്റ് ഭാരവാഹികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. 2021 ലെ മെമ്പർഷിപ്പ് വിതരണ കാമ്പയിൻ ഡിസംബർ 12 മുതൽ ആരംഭിച്ചതായി കേന്ദ്രകമ്മിറ്റി അറിയിച്ചു.