Sorry, you need to enable JavaScript to visit this website.

ഉത്തരാഖണ്ഡിനെ 'രാമ രാജ്യ'മാക്കുമെന്ന് ആം ആദ്മി പാര്‍ട്ടി; 2022ലെ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നു

ഡെറാഡൂണ്‍- ഉത്തരാഖണ്ഡില്‍ 2022ല്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും മത്സരിക്കുമെന്ന് ആം ആദ്മി പാര്‍്ട്ടി (എഎപി). സംസ്ഥാനത്തെ ജനങ്ങള്‍ അരവിന്ദ് കേജ്‌രിവാളിന്റെ മാതൃകാ ഭരണം തെരഞ്ഞെടുക്കുകയാണെങ്കില്‍ സംസ്ഥാനത്തെ രാമ രാജ്യമാക്കുമെന്നും മുതിര്‍ന്ന എഎപി നേതാവും ദല്‍ഹി ഉപമുഖ്യമന്ത്രിയുമായി മനീഷ് സിസോദിയ പറഞ്ഞു. കയ്ഞ്ചി ധാം ആശ്രമം സന്ദര്‍ശിച്ച ശേഷം ഹല്‍ദ്‌വാണിയില്‍ 'ദേവ്ഭൂമി കി ബാത്, മനീഷ് സിസോദിയ കെ സാഥ്' എന്ന പൊതുജന സമ്പര്‍ക്ക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്തരാഖണ്ഡില്‍ ഒളികാമറ (സ്റ്റിങ്) ഭരണമാണ് നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ നിരന്തരം ഒളികാമറ ഓപറേഷനില്‍ പെട്ടുപോകുന്നത് സൂചിപ്പിച്ചായിരുന്നു ഇത്. പല ഒളികാമറ ദൃശ്യങ്ങളും സംസ്ഥാനത്ത് രാഷ്ട്രീയ നേതാക്കളെ കുരുക്കിലാക്കിയിട്ടുണ്ട്. 

'ഈ ദേവഭൂമിയില്‍ രണ്ടു അവസരങ്ങളാണ് ജനങ്ങള്‍ക്കുള്ളത്. ഒരു ഭാഗത്ത് സ്റ്റിങ് രാജ്യം. എന്നാല്‍ നിങ്ങള്‍ക്ക് വേണ്ടത് രാമ രാജ്യമാണ്. അതുകൊണ്ട് സ്റ്റിങ് രാജ്യത്തെ വിട്ട് നമുക്ക് രാമ രാജ്യത്തെ കുറിച്ച് സംസാരിക്കാം. സ്റ്റിങ് മുഖ്യമന്ത്രിമാരുടെ ഭരണത്തെ ഉപേക്ഷിച്ചാല്‍ രാമ രാജ്യം വരും,' സിസോദിയ പറഞ്ഞു. 

സംസ്ഥാനത്ത് മറ്റൊരു വഴിയില്ലാത്തതു കൊണ്ടാണ് ബിജെപിയേയും കോണ്‍ഗ്രസിനേയും മാറിമറി തെരഞ്ഞെടുത്തിരുന്നത്. ഈ രണ്ടു പാര്‍ട്ടികളേയും മറന്ന് അരവിന്ദ് കേജ്‌രിവാളിന് ഒരു അവസരം നല്‍കണമെന്നും സിസോദിയ പറഞ്ഞു.

ഉത്തരാഖണ്ഡിലെ 70 നിയമസഭാ മണ്ഡലങ്ങളിലും മത്സരിക്കുമെന്ന് എഎപി പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങളുടെ അഭിപ്രായം ആരാഞ്ഞ ശേഷം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ വൈകാതെ പ്രഖ്യാപിക്കുമെന്നും സിസോദിയ പറഞ്ഞു. 

Latest News