Sorry, you need to enable JavaScript to visit this website.

കമലഹാസനെ വെടിവെച്ചു കൊല്ലണമെന്ന് ഹിന്ദുമഹാസഭ 

ചെന്നൈ- പ്രമുഖ തെന്നിന്ത്യൻ താരം കമൽഹാസനെയും കമലിനെ പോലെയുള്ളവരെയും വെടിവെച്ച് കൊല്ലണമെന്ന് അഖില ഭാരതീയ ഹിന്ദു മഹാസഭ. 'കമലിനെയും അയാളെ പോലെയുള്ളവരെയും ഒന്നുകിൽ വെടിവെച്ച് കൊല്ലണം, അല്ലെങ്കിൽ തൂക്കിലേറ്റണം. എന്നാലെ അവരെ പോലെയുള്ളവർ ഒരു പാഠം പഠിക്കുകയുള്ളു. ഹിന്ദു വിശ്വാസികളെ മോശമായി ചിത്രീകരിക്കുകയോ അവരെ അപമാനിക്കുകയോ ചെയ്യുന്നവർക്ക് ഈ വിശുദ്ധ മണ്ണിൽ ജീവിക്കാനുള്ള അവകാശമില്ല. അവരുടെ വാക്കുകൾക്ക് മരണമാണ് തിരിച്ചു കിട്ടേണ്ടണ്ടത്.' -ഹിന്ദു മഹാസഭ ദേശീയ ഉപാധ്യക്ഷൻ പണ്ഡിറ്റ് അശോക് ശർമ പറഞ്ഞു.
കമലിന്റെ ചിത്രങ്ങൾ ബഹിഷ്‌കരിക്കണമെന്നും, കമലോ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോ ഭാഗമായ ചിത്രങ്ങൾ കാണില്ലെന്ന് സംഘടനാ അംഗങ്ങൾ പ്രതിജ്ഞയെടുക്കണമെന്നും മീററ്റ് ഹിന്ദു മഹാസഭ പ്രസിഡന്റ് അഭിഷേക് അഗർവാൾ ആവശ്യപ്പെട്ടു. സംഘടനയിലെ അംഗങ്ങൾ മാത്രമല്ല, മുഴുവൻ ഇന്ത്യക്കാരും ഈ പ്രതിജ്ഞ എടുക്കണം. ഹിന്ദുക്കളെ അപമാനിക്കുന്നവർക്ക് മാപ്പ് നൽകാൻ പാടില്ലെന്നും അഭിഷേക് പറഞ്ഞു.
മുമ്പ് ആശയപരമായി സംവദിച്ചിരുന്നവർ ഇന്ന് അവരുടെ വർഗീയ അജണ്ടകൾ നടപ്പിലാക്കാൻ തീവ്രവാദത്തെയും ആയുധങ്ങളെയും കൂട്ടുപിടിക്കുകയാണെന്ന് കമൽ വിമർശിച്ചിരുന്നു.
അതിനിടെ, ഹിന്ദുത്വ തീവ്രവാദത്തിനെതിരെ പ്രതികരിച്ച നടൻ കമൽഹാസന് പിന്തുണയുമായി പ്രകാശ് രാജും അരവിന്ദ് സ്വാമിയും. രാജ്യത്ത് ഹിന്ദു തീവ്രവാദം യാഥാർത്ഥ്യമാണെന്ന കമൽഹാസന്റെ പരാമർശത്തിന് പിന്തുണ പ്രഖ്യാപിച്ച് ട്വിറ്ററിലൂടെയാണ് ഇരുവരും രംഗത്തെത്തിയത്. തന്റെ രാജ്യത്തെ തെരുവുകളിൽ സദാചാരത്തിന്റെ പേരു പറഞ്ഞ് ദമ്പതികളെ ദേഹോപദ്രവം ഏൽപ്പിക്കുന്നത് തീവ്രവാദമല്ലെന്ന് പ്രകാശ് രാജ് കുറിച്ചു. ഗോവധം നടത്തി എന്ന് നേരിയ സംശയമുള്ളവരെ നിയമം കയ്യേറി കൊലപ്പെടുത്തുന്നതും തീവ്രവാദമല്ല. എതിർ അഭിപ്രായം ഉയർത്തുന്നവരെ നിശബ്ദരാക്കാൻ ശ്രമിക്കുന്നതും തീവ്രവാദമല്ല. പിന്നെ എന്താണ് തീവ്രവാദമെന്ന് പ്രകാശ് രാജ് ചോദിക്കുന്നു. 'വെറുതെ ഒന്ന് ചോദിച്ചതാ' എന്ന ഹാഷ് ടാഗോട് കൂടെയാണ് നടന്റെ ട്വീറ്റ് അവസാനിക്കുന്നത്.
തീവ്രവാദത്തെ നിർവചിച്ചായിരുന്നു അരവിന്ദസ്വാമിയുടെ പോസ്റ്റ്. ഒരു വ്യക്തി നിയമത്തെ മറികടന്ന്, ആക്രമണത്തിലൂടെയും പ്രകോപനത്തിലൂടെയും രാഷ്ട്രീയമായും പൊതുജനത്തിന്റെ മേൽ തന്റെ താൽപര്യങ്ങൾ അടിച്ചേൽപ്പിക്കുന്നതാണ് തീവ്രവാദം എന്നായിരുന്നു അരവിന്ദ് സ്വാമിയുടെ ട്വീറ്റ്. ഒരു തമിഴ് വാരികയിൽ കമൽഹാസൻ എഴുതിയ ലേഖനമാണ് വിവാദമായത്. രാജ്യത്ത് ഹിന്ദുത്വ തീവ്രവാദം ഇല്ലെന്ന് പറയാനാവില്ലെന്നായിരുന്നു കമൽ ഹാസന്റെ പരാമർശം. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധവകുപ്പുകൾ പ്രകാരം കമൽഹാസനെതിരെ കേസെടുത്തിട്ടുണ്ട്.
 

Latest News