സമരം കടുപ്പിച്ച് കര്‍ഷകര്‍; ഇന്ന് ദല്‍ഹി-ജയ്പൂര്‍ ഹൈവെ തടയുമെന്ന്

ന്യൂദല്‍ഹി- കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭം നയിക്കുന്ന കര്‍ഷകര്‍ ഇന്ന് ദല്‍ഹി-ജയ്പൂര്‍ ഹൈവെ തടയുമെന്ന് പ്രഖ്യാപിച്ചു. ദല്‍ഹിയുടെ വിവിധ അതിര്‍ത്തികളില്‍ ക്യാമ്പ് ചെയ്യുന്ന കര്‍ഷക സമരക്കാര്‍ പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ്. രാജസ്ഥാനില്‍ നിന്നും ഹരിയാനയില്‍ നിന്നുമുള്ള കര്‍ഷകര്‍ ഇന്ന് ദല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്യുന്നുണ്ട്. ദല്‍ഹി-ജയ്പൂര്‍ ഹൈവെ ആയ ദേശീയ പാത 48 വഴിയാണ് മാര്‍ച്ച്. രാജസ്ഥാനില്‍ നിന്നുള്ള വിവിധ കര്‍ഷക സംഘടനാ പ്രവര്‍ത്തകര്‍ ഹരിയാനയിലെത്തിയ ശേഷം ഇവിടെ നിന്നുള്ള കര്‍ഷകരും കൂടെ ചേരും. പിന്നീട് ഹരിയാന-രാജസ്ഥാന്‍ അതിര്‍ത്തിയായ ഷാജഹാന്‍പൂരില്‍ നിന്ന് ഞായറാഴ്ച രാവിലെ ദല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തുമെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ ഹരിയാന വൈസ് പ്രസിഡന്റ് ആസാദ് ഖാന്‍ പറഞ്ഞു. മാര്‍ച്ച് സമാധാനപരമായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ദല്‍ഹിയിലേക്കുള്ള സുപ്രധാന ഹൈവേകളെല്ലാം ഞായറാഴ്ച മുതല്‍ തടയുമെന്നാണ് പ്രക്ഷോഭകരുടെ മുന്നറിയിപ്പ്. രാജ്യവ്യാപക പ്രതിഷേധം നടക്കുന്ന തിങ്കളാഴ്ച കര്‍ഷകരെല്ലാം നിരാഹാരമിരിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
 

Latest News