ന്യൂദല്‍ഹി- ഗിന്നസ് റെക്കോര്‍ഡ് സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ ദല്‍ഹിയില്‍ ഇരുപതോളം പേരടങ്ങുന്ന പാചക വിദഗ്ധരുടെ സംഘം 800 കിലോ ഖിച്ച്ഡിയുണ്ടാക്കി. ഇന്ത്യാ ഗേറ്റില്‍ നടക്കുന്ന ഇന്ത്യാ ഭക്ഷ്യമേളയിലാണ് അരിയും പരിപ്പും ചേര്‍ത്ത് തയാറാക്കുന്ന ഉത്തരേന്ത്യന്‍ വിഭവം ഒരുക്കിയത്. ഗിന്നസ് റെക്കോര്‍ഡ് സ്ഥാപിച്ചതായി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് അധികൃതര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
ഷെഫ് സഞ്ജീവ് കപൂര്‍ ഖിച്ച്ഡി സ്പൂണിലെടുത്ത് മണത്ത് നോക്കുന്നു.
പ്രശസ്ത പാചക വിദഗ്ധന്‍ സഞ്ജീവ് കപൂറിന്റെ മേല്‍നോട്ടത്തിലാണ് ആയിരം ലിറ്റര്‍ വെള്ളത്തില്‍ അരിയും പരിപ്പും ചേര്‍ത്ത് ഖിച്ച്ഡി ഉണ്ടാക്കിയത്. 300 കിലോ തൂക്കമുള്ള ചട്ടിയില്‍ കിച്ചടി പൂര്‍ത്തിയായപ്പോള്‍ ഭാരം 1262 കിലോ ആയി. യോഗ ഗുരു ബാബാ രാംദേവിന്റേയും മന്ത്രിമാരുടെയും സാന്നിധ്യം ഖിച്ച്ഡി ഒരുക്കിയ അടുക്കളക്ക് താരപ്പകിട്ടേകി.