ബംഗളുരു- ഇന്ത്യയിലെ ഐഫോണ്‍ നിര്‍മ്മിക്കുന്ന തായ് വാന്‍ ആസ്ഥാനമായ വിസ്‌ട്രോണ്‍ കോര്‍പറേഷന്റെ ഫാക്ടറിയില്‍ ശമ്പളത്തെ ചൊല്ലി തൊഴിലാളികളുടെ പരാക്രമം. ബംഗളുരുവില്‍ നിന്ന് 51 കിലോമീറ്റര്‍ കോലാര്‍ ജില്ലയിലെ നരസപുര ഇന്‍ഡസ്ട്രിയല്‍ ഏരിയയിലാണ് ഫാക്ടറി പ്രവര്‍ത്തിക്കുന്നത്. ഫാക്ടറി പരിസരത്ത് കാറുകള്‍ മറിച്ചിട്ടും വസ്തുക്കള്‍ എറിഞ്ഞുടച്ചും കെട്ടിടത്തിന് നാശനഷ്ടങ്ങള്‍ വരുത്തിയും തൊഴിലാളികള്‍ പരാക്രമം അഴിച്ചു വിട്ടു. കല്ലെറിഞ്ഞു ചില്ലു ജാലകങ്ങളും കാറുകളുടെ ചില്ലുകളും തൊഴിലാളി സമരക്കാര്‍ ഉടച്ചതായി പിടിഐ റിപോര്‍ട്ട് ചെയ്യുന്നു. കമ്പനി ഇതുസംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. ശമ്പളവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെന്താണെന്ന് വ്യക്തവുമല്ല. കമ്പനിയിലെ കരാര്‍ തൊഴിലാളികള്‍ക്ക് കൃത്യസമയത്ത് ശമ്പളം നല്‍കുന്നില്ലെന്ന് ഒരു ട്രേഡ് യുണിയന്‍ നേതാവ് ആരോപിച്ചു.
ആപ്പിളിനു വേണ്ടി ഇന്ത്യയില്‍ ഐഫോണ്‍ സെവനും, ലെനവോ, മൈക്രോസോഫ്റ്റ് തുടങ്ങിയ മറ്റു ഐടി ഭീമന്മാര്‍ക്കു വേണ്ടി വിവിധ ഉല്‍പ്പന്നങ്ങളും നിര്‍മ്മിച്ചു നല്‍കുന്ന കമ്പനിയാണ് വിസ്‌ട്രോണ്‍.