ന്യൂദല്‍ഹി- വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തിന് കേന്ദ്ര സര്‍ക്കാര്‍ വഴങ്ങാത്തതിനെ തുടര്‍ന്ന് ദല്‍ഹി അതിര്‍ത്തികളിലെ കര്‍ഷക സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി കര്‍ഷക നേതാക്കള്‍ തിങ്കളാഴ്ച സിംഘു അതിര്‍ത്തിയില്‍ നിരാഹാരമിരിക്കും. സര്‍ക്കാര്‍ ഒരുക്കമാണെങ്കില്‍ ചര്‍ച്ചയ്ക്ക് തയാറാണ്, പക്ഷെ ആദ്യം മൂന്ന് കാര്‍ഷിക കരിനിമയങ്ങളും പൂര്‍ണമായും പിന്‍വലിക്കുന്ന കാര്യം ചര്‍ച്ച ചെയ്യണമെന്ന് ഒരു കര്‍ഷക യൂണിയന്‍ നേതാവ് പറഞ്ഞു. ദല്‍ഹിയിലെ വിവിധ അതിര്‍ത്തികളില്‍ നടന്നു വരുന്ന സമരം 17 ദിവസം പിന്നിട്ടിരിക്കുകയാണ്.
സമരത്തിന്റെ ഭാഗമായി കര്‍ഷകര്‍ ഹരിയാനയിലെ അംബാല, കര്‍ണല്‍ എന്നിവിടങ്ങളിലെ ടോള്‍ പ്ലാസ കയ്യേറി വാഹനങ്ങളെ ഫീസ് വാങ്ങാതെ കടത്തിവിട്ടു. ടോള്‍ പ്ലാസ അടച്ചിടാന്‍ നടത്തിപ്പുകാരോട് കര്‍ഷക സമരക്കാര്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ അര്‍ദ്ധരാത്രി മുതല്‍ വാഹനങ്ങള്‍ സൗജന്യമായാണ് ഇപ്പോള്‍ കടന്നു പോയിക്കൊണ്ടിരിക്കുന്നത്.