ന്യൂദൽഹി- കാർഷിക മേഖലയിലെ പരിഷ്‌കാരങ്ങൾ കൊണ്ട് ഏറ്റവും വലിയ ഗുണം ലഭിക്കുന്നത് കർഷകർക്ക് ആയിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ (ഫിക്കി) 93-ാം വാർഷിക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മോഡി.
പുതിയ പരിഷ്‌കാരങ്ങൾ അനാവശ്യ ചട്ടക്കൂടുകൾ നീക്കുകയാണ്. കാർഷിക മേഖല ഇതിനു മികച്ച ഉദാഹരണമാണ്. കാർഷിക പരിഷ്‌കാരങ്ങളുടെ ഏറ്റവും വലിയ ഗുണഭോക്താക്കൾ കർഷകരായിരിക്കും. പരിഷ്‌കാരങ്ങൾ നടപ്പാവുന്നതോടെ പുതിയ വിപണികളിലേക്കും സാങ്കേതികവിദ്യയിലേക്കും കർഷകർക്കു പ്രവേശനം ലഭിക്കും. ഇന്ത്യയിൽ എത്തനോൾ ഉൽപാദനം ഞങ്ങൾ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്; ഇതു വലിയ മാറ്റമുണ്ടാക്കും. കരിമ്പു കർഷകർക്ക് എത്തനോൾ ഉൽപാദനത്തിലൂടെ നല്ല ഗുണം കിട്ടും. രാജ്യത്തിന്റെ ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫറിന് (ഡിബിടി) ആഗോളതലത്തിൽ അംഗീകാരമുണ്ടെന്നും മോഡി പറഞ്ഞു.