Sorry, you need to enable JavaScript to visit this website.

വോട്ട് പെട്ടിയിലായി,  അവകാശവാദവുമായി മുന്നണികൾ

പാലക്കാട്- വോട്ട് പെട്ടിയിലായതോടെ കണക്കുകൂട്ടലുകളുമായി മുന്നണികൾ, വിജയം അവകാശപ്പെട്ട് എൽ.ഡി.എഫും യു.ഡി.എഫും. ജില്ലാ പഞ്ചായത്തിന്റേയും ബഹുഭൂരിപക്ഷം വരുന്ന ഗ്രാമപഞ്ചായത്തുകളുടേയും ഭരണം നിലനിർത്തി ഇടതുപക്ഷം കരുത്ത് തെളിയിക്കുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി സി.കെ.രാജേന്ദ്രൻ പറയുന്നു. ഷൊർണൂർ, ഒറ്റപ്പാലം നഗരസഭകളിൽ മികച്ച വിജയം പ്രതീക്ഷിക്കുന്ന പാർട്ടി പട്ടാമ്പി, ചെർപ്പുളശ്ശേരി നഗരസഭകളിലും അട്ടിമറി വിജയം കാണുന്നുണ്ട്. സംസ്ഥാനത്തുടനീളം ആഞ്ഞടിക്കുന്ന യു.ഡി.എഫ് അനുകൂലതരംഗം ജില്ലയിലും ഉണ്ട് എന്നും ആദ്യമായി പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ ഭരണം പിടിച്ചെടുക്കുമെന്നുമാണ് ഡി.സി.സി പ്രസിഡന്റ് വി.െക.ശ്രീകണ്ഠൻ പറയുന്നത്. ത്രികോണമൽസരം നടന്ന പാലക്കാടും സി.പി.എം ശക്തിേകന്ദ്രങ്ങളായ ഷൊർണൂരും ഒറ്റപ്പാലവും അടക്കം ജില്ലയിലെ മുഴുവൻ നഗരസഭകളിലും യു.ഡി.എഫിന്റെ ഭരണസമിതി ആകും എന്നാണ് അദ്ദേഹത്തിന്റെ വാദം. പാലക്കാട് നഗരസഭയിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന് അവകാശപ്പെടുന്ന ബി.െജ.പി അകത്തേത്തറ പോലുള്ള ചില ഗ്രാമപഞ്ചായത്തുകളും കാവിയണിയുമെന്ന് പറയുന്നു.  2015ലെ വിജയം ആവർത്തിക്കുമെന്നാണ് ഇടതുമുന്നണിയുടെ അവകാശവാദം. ആകെയുള്ള 88 ഗ്രാമപഞ്ചായത്തുകളിൽ 69ഉം പിടിച്ചെടുത്ത എൽ.ഡി.എഫിന് 30 അംഗ ജില്ലാ പഞ്ചായത്തിലെ നാല് ഡിവിഷനുകൾ മാത്രമാണ് നഷ്ടപ്പെട്ടത്. എന്നാൽ നഗരസഭകളിൽ മുന്നണിയുടെ പ്രകടനം മോശമായിരുന്നു. ഷൊർണൂരിൽ മാത്രമാണ് ഭൂരിപക്ഷം ലഭിച്ചത്. തൂക്കുസഭയായ ഒറ്റപ്പാലത്ത് വലിയ കക്ഷിയെന്ന നിലയിൽ ഭരണം നടത്തി. ചില ഗ്രാമപഞ്ചായത്തുകളിൽ തിരിച്ചടിയുണ്ടായാലും അറുപതോളം പഞ്ചായത്തുകൾ ഈ തെരഞ്ഞെടുപ്പിലും ചുവക്കുമെന്നാണ് സി.പി.എമ്മിന്റെ കണക്കുകൂട്ടൽ. ഷൊർണൂർ, ഒറ്റപ്പാലം നഗരസഭകൾ നിലനിർത്തുന്നതിനൊപ്പം പാലക്കാട് ഉൾപ്പെടെയുള്ള മറ്റ് നഗരസഭകളിലും പ്രകടനം മെച്ചപ്പെടുത്താനും കഴിയുമെന്നാണ് പാർട്ടി കരുതുന്നത്. ജില്ലാ പഞ്ചായത്തിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിൽ അധികാരത്തിലെത്താനാവുമെന്നും ബഹുഭൂരിപക്ഷം ബ്ലോക്ക് പഞ്ചായത്തുകളും നിലനിർത്താനാവുമെന്നും നേതാക്കൾ പറയുന്നു. 
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉണ്ടാക്കാനായ മേൽക്കയ്യ് നിലനിർത്തുമെന്ന് അവകാശപ്പെടുന്ന യു.ഡി.എഫ് ജില്ലാ പഞ്ചായത്തിൽ അട്ടിമറിവിജയം പ്രതീക്ഷിക്കുന്നുണ്ട്. അമ്പതോളം ഗ്രാമപഞ്ചായത്തുകളും ഭൂരിപക്ഷം ബ്ലോക്ക് പഞ്ചായത്തുകളും കൂടെ നിൽക്കുമെന്നാണ് മുന്നണിയുടെ വിലയിരുത്തൽ. പാലക്കാട്ട് ബി.െജ.പിയെ പിന്തള്ളി വിജയം പിടിച്ചെടുക്കാമെന്ന് കണക്കു കൂട്ടുന്ന യു.ഡി.എഫ് ഷൊർണൂർ, ഒറ്റപ്പാലം എന്നിവയടക്കം ജില്ലയിലെ ഏഴ് നഗരസഭകളിലും കാറ്റ് അനുകൂലമാണെന്നാണ് കണക്കുകൂട്ടുന്നത്. 
പാലക്കാട് നഗരസഭയിൽ ശക്തി കേന്ദ്രീകരിച്ച ബി.െജ.പി അകത്തേത്തറ ഉൾപ്പെടെ ചില ഗ്രാമപഞ്ചായത്തുകളിലും പ്രതീക്ഷ വെച്ചു പുലർത്തുന്നു. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും അക്കൗണ്ട് തുറക്കുക എന്ന ലക്ഷ്യത്തോടെ കളത്തിലിറങ്ങിയ സംഘ്പരിവാർ ചില പഞ്ചായത്തുകളിലെങ്കിലും പ്രധാന പ്രതിപക്ഷമാകാനാവുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. ഷൊർണൂർ, ഒറ്റപ്പാലം നഗരസഭകളിലും പാർട്ടി വലിയ മുന്നേറ്റമാണ് മുന്നിൽ കാണുന്നത്. ജില്ലയിൽ പോളിംഗ് 2015ലേക്കാൾ രണ്ട് ശതമാനത്തിലധികം കുറഞ്ഞത് എല്ലാവരേയും ഒരുപോലെ ആശങ്കയിലാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അവസാന കണക്കനുസരിച്ച് 78.14 ശതമാനം പേരാണ് ഇത്തവണ ജില്ലയിൽ സമ്മതിദാനാവകാശം വിനിയോഗിച്ചത്. 2015ൽ ഇത് 80.41 ശതമാനമായിരുന്നു. കോവിഡ് പശ്ചാത്തലത്തിലുള്ള കുറവായി അതിനെ കാണാനാണ് പ്രധാന രാഷ്ട്രീയപ്പാർട്ടികളെല്ലാം ആഗ്രഹിക്കുന്നത്. ശക്തമായ ത്രികോണമൽസരത്തിന് വേദിയായ പാലക്കാട് നഗരസഭയിൽ വോട്ടിംഗ് ശതമാനത്തിൽ 6.53 കുറവ് വന്നത് ശ്രദ്ധേയമായി.
 

Latest News