റിയാദ്- അനധികൃത മാർഗത്തിൽ ഹൗസ് മെയ്ഡ് വിസയിലെത്തി വഞ്ചിക്കപ്പെട്ട് ദുരിതത്തിലായ ആലപ്പുഴ ചേർത്തല സ്വദേശിനി, പ്രവാസി മലയാളി ഫെഡറേഷൻ (പി.എം.എഫ്) ഇടപെടലിൽ നാടണഞ്ഞു. ആറ് മാസം മുമ്പ് ദൽഹിയിൽ നിന്ന് ഷാർജ വഴി റിയാദ് അൽഖർജ് ദിലം റോഡിലെത്തിയ ചേർത്തല സ്വദേശിനി ജസീന മോളാണ് സാമൂഹിക പ്രവർത്തകരുടെ ഇടപെടലിൽ നാട്ടിലെത്തിയത്. ഗാർഹിക വേലക്കാരെ സൗദിയിലേക്ക് കൊണ്ടുവരുന്നതിനുള്ള നിയമങ്ങൾ പാലിക്കാതെയും തൊഴിൽ കരാറിൽ ഒപ്പുവെക്കാതെയുമാണ് വിസ ഏജന്റ് ജസീനയെ ഇവിടെ എത്തിച്ചത്. 18,000 റിയാലാണ് ഇതിനായി സ്പോൺസറിൽ നിന്ന് ഏജന്റ് വാങ്ങിയത്. ഇവരെ ആലപ്പുഴയിൽ നിന്ന് ന്യൂദൽഹിയിൽ കൊണ്ടുവരികയും അവിടെ നിന്ന് സന്ദർശക വിസയിൽ ഷാർജയിലെത്തിക്കുകയും ആഴ്ചകൾക്ക് ശേഷം അവിടെ വെച്ച് ഹൗസ്മെയ്ഡ് വിസ സ്റ്റാമ്പ് ചെയ്ത് റിയാദിലെത്തിക്കുകയുമായിരുന്നു.
സ്പോൺസറുടെ പ്രായമായ ഉമ്മയെ പരിചരിക്കുകയാണ് ജോലി എന്നാണ് ഏജന്റ് പറഞ്ഞിരുന്നത്. അൽഖർജിൽ എത്തിയ അവർക്ക് സ്പോൺസറുടെ വീടിന് പുറമെ സമീപത്തുള്ള അവരുടെ മക്കളുടെ വീടുകളിലും ജോലി ചെയ്യേണ്ടി വന്നു. വിശ്രമമില്ലാത്ത ജോലി കാരണം ശാരീരികമായി തളർന്ന അവർ സ്പോൺസറെ തന്റെ ദയനീയാവസ്ഥ ധരിപ്പിച്ചു. പക്ഷെ ഫലമുണ്ടായില്ല. പ്രസ്തുത ജോലി നേരത്തെ തന്നെ വിസ ഏജന്റിനെ അറിയിച്ചതാണെന്നും തനിക്ക് ചെലവായ 18,000 റിയാൽ നൽകിയാൽ ഫൈനൽ എക്സിറ്റ് നൽകാമെന്നും സ്പോൺസർ ജസീനയെയും ഏജന്റിനെയും അറിയിച്ചു.
വാടക വീട്ടിൽ താമസിക്കുന്ന സുഖമില്ലാത്ത ഭർത്താവിനെ സഹായിക്കാൻ കടൽ കടന്നെത്തിയ അവർക്ക് അത് ചിന്തിക്കുന്നതിനും അപ്പുറത്തായിരുന്നു. തുടർന്ന് വീട്ടുകാർ സ്ഥലം എം.എൽ.എക്കും വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനും പരാതി നൽകി.
ഇന്ത്യൻ എംബസി വെൽഫെയർ വിംഗ് സെക്കന്റ് സെക്രട്ടറിയാണ് ഈ വിഷയം പി.എം.എഫ് ഗ്ലോബൽ പ്രസിഡന്റ് റാഫി പാങ്ങോടിനെ അറിയിച്ചത്. റാഫി പി.എം.എഫ് നാഷണൽ കമ്മിറ്റി പ്രസിഡന്റ് ഡോ.അബ്ദുന്നാസർ, സെക്രട്ടറി സവാദ് ആയതിൽ എന്നിവരോടൊപ്പം അൽഖർജ് പോലീസ് സ്റ്റേഷനിൽ എത്തി പോലീസ് മേധാവിയെ വിവരം ധരിപ്പിച്ചു. ഖർജ് പോലീസ് സ്റ്റേഷനിൽ സ്പോൺസറെ വിളിച്ചു വരുത്തി സംസാരിച്ചപ്പോൾ 18,000 റിയാൽ നൽകിയാൽ മാത്രമേ ഫൈനൽ എക്സിറ്റ് നൽകൂവെന്നദ്ദേഹം അറിയിച്ചു.
മണിക്കൂറുകളോളം നടത്തിയ ചർച്ചക്കൊടുവിൽ സ്പോൺസർ പണം ഒഴിവാക്കി നാട്ടിൽ കയറ്റി വിടാമെന്ന് സമ്മതിക്കുകയായിരുന്നു. അന്ന് തന്നെ ജസീനക്ക് എക്സിറ്റ് അടിച്ച് പ്രവാസി മലയാളി ഫെഡറേഷൻ വനിതാ വിംഗ് പ്രവർത്തകരെ ഏൽപ്പിക്കുകയും ചെയ്തു. നാട്ടിലേക്കുള്ള ടിക്കറ്റ് വനിതാ വിംഗ് പ്രവർത്തകരാണ് നൽകിയത്. ജസീന ഇന്നലെ എയർ ഇന്ത്യ വിമാനത്തിൽ തിരുവനന്തപുരത്തേക്ക് തിരിച്ചു.
വനിതാ വിംഗ് പ്രസിഡന്റ് ഷീല രാജു, ജീവകാരുണ്യ വിഭാഗം കൺവീനർ നജ്മ ഷാജഹാൻ, ബുഷ്റ മുജീബ്, റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് മുജീബ് കായംകുളം, ഷാജഹാൻ കല്ലമ്പലം, രാജു തുടങ്ങിയവർ റാഫി പാങ്ങോടിന്റെ കൂടെ സഹായത്തിനുണ്ടായിരുന്നു. ദുബായ്, കൊളംബോ എന്നീ വിമാനത്താവളങ്ങൾ വഴി സൗദിയിലേക്ക് അനധികൃത രീതിയിൽ തൊഴിൽ കരാർ ഇല്ലാതെ വീട്ടുജോലിക്കാരികളെ റിക്രൂട്ട് ചെയ്യുന്ന ട്രാവൽ ഏജൻസികൾക്കെതിരെ നടപടിയെടുക്കണമെന്ന് പ്രവാസി മലയാളി ഫെഡറേഷൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനോട് ആവശ്യപ്പെടുമെന്ന് റാഫി പാങ്ങോട് അറിയിച്ചു.