കൊല്‍ക്കത്ത- ജെ.പി. നഡ്ഡക്ക് നേര്‍ക്കുണ്ടായ ആക്രമണം ആസൂത്രിതമായിരുന്നെങ്കില്‍ എല്ലാ സന്നാഹവും ഉപയോഗപ്പെടുത്തി തങ്ങളുടെ പാര്‍ട്ടി അധ്യക്ഷനെ സംരക്ഷിക്കാന്‍ കേന്ദ്രത്തിന് സാധിക്കുമായിരുന്നില്ലേയെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സംഭവത്തില്‍ കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചതിനെ പരിഹസിക്കുകയായിരുന്നു അവര്‍. ബി.ജെ.പിയുടെ എല്ലാ നുണകളും അനുവദിച്ച് നല്‍കാന്‍ തങ്ങള്‍ ഒരുക്കമല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
'നമ്മുടേത് പോലെയല്ലാത്ത ഒരു പുതിയ ഹിന്ദു നാടകമാണ് അവര്‍ അവതരിപ്പിക്കുന്നത്. വിദ്വേഷം ജനിപ്പിക്കുന്ന ആ നാടകത്തില്‍ നിങ്ങള്‍ക്കോ എനിക്കോ യാതൊന്നും ചെയ്യാനില്ല. ഇത്തരത്തിലാണ് ഹിറ്റ്‌ലര്‍ ഹിറ്റ്‌ലറായത്. ചൗഷെസ്‌കു ചൗഷെസ്‌കുവും മുസ്സോളിനി മുസ്സോളിനിയുമായത്. നരേന്ദ്ര മോഡി സര്‍ക്കാര്‍ നാടകം ആസൂത്രണം ചെയ്യും, തയാറാക്കും. എന്നിട്ട് മാധ്യമങ്ങള്‍ക്ക് ആ നാടകത്തിന്റെ വീഡിയോ കൈമാറും. അവര്‍ കൈമാറുന്ന വീഡിയോകള്‍ക്കെതിരെ ചോദ്യമുയര്‍ത്താന്‍ മാധ്യമങ്ങള്‍ക്ക് യാതൊരു അധികാരവുമില്ല' - മമത ആഞ്ഞടിച്ചു.
ദിവസേന അവര്‍ (ബി.ജെ.പി പ്രവര്‍ത്തകര്‍) തോക്കുകളുമായി പ്രകടനങ്ങള്‍ക്ക് പുറപ്പെടും. അവര്‍ തന്നെ അവര്‍ക്കെതിരെ ആക്രമണം നടത്തുകയും തൃണമൂല്‍ കോണ്‍ഗ്രസിന്റെ മേല്‍ പഴി ചുമത്തുകയും ചെയ്യും. സായുധ സേനയുടെ അകമ്പടിയോടെ നാട് ചുറ്റുന്ന നിങ്ങള്‍ എന്തിനാണ് ഇത്രയും ഭയപ്പെടുന്നത്? നഡ്ഡയ്ക്ക് സുരക്ഷയൊരുക്കണമെന്ന് അപേക്ഷ ലഭിച്ചിട്ടില്ലെന്നും എന്നാല്‍ ഇത്തരം സംഭവങ്ങളുണ്ടായാല്‍ സംസ്ഥാന സര്‍ക്കാരിന് മേല്‍ പഴി ചാരുന്നതാണ് കേന്ദ്രത്തിന്റെ രീതിയെന്നും മമത കുറ്റപ്പെടുത്തി.