ജയ്പുര്‍- രാജസ്ഥാനിലെ കോട്ട ജെ.കെ ലോന്‍ ആശുപത്രിയിലെ ശിശുമരണം 12 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം മുതലാണ് കൂട്ടശിശുമരണം ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തില്‍ അന്വേഷണം നടത്താന്‍ സംസ്ഥാന ആരോഗ്യ വകുപ്പ് പ്രത്യേക സമിതിയെ നിയോഗിച്ചു.
മെഡിക്കല്‍ വിദ്യാഭ്യാസ സെക്രട്ടറി ശിവാങ്കി സ്വര്‍ണാകറിന്റെ നേതൃത്വത്തിലുള്ള നാലംഗ സമിതിയാണ് അന്വേഷണം നടത്തുക. മൂന്ന് ദിവസത്തിനുള്ളില്‍ സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മരണ കാരണം കണ്ടെത്താന്‍ രാജസ്ഥാന്‍ ആരോഗ്യ മന്ത്രിയും അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
മൂന്ന് കുട്ടികള്‍ ആശുപത്രിയില്‍ എത്തുമ്പോള്‍ തന്നെ മരിച്ചിരുന്നുവെന്നും മറ്റു മൂന്നു പേരുടെ മരണ കാരണം ജനിതക പ്രശ്‌നങ്ങളാണെന്നും വേറെ മൂന്ന് കുട്ടികള്‍ അണുബാധയും ശ്വാസകോശ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് മരിച്ചതെന്നുമാണ് ആശുപത്രി സൂപ്രണ്ട് ആരോഗ്യ വകുപ്പിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.