കോട്ടയം - തദ്ദേശ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിലുണ്ടായ പോളിംഗ് ശതമാനക്കുറവ് യുഡിഎഫ്- എൽഡിഎഫ് മുന്നണികൾ വിശകലനം ചെയ്തു തുടങ്ങി. ഈ തെരഞ്ഞെടുപ്പ് അഭിമാന പോരാട്ടമായി കാണുന്ന കേരള കോൺഗ്രസുകളാണു വിശദമായ കണക്കെടുപ്പ് നടത്തുന്നത്. ജില്ലയിൽ 73.92 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. എല്ലാ മുനിസിപ്പാലിറ്റികളിലും ബ്ലോക്ക് പഞ്ചായത്തുകളിലും മുൻതവണത്തേക്കാൾ പോളിങ് കുറഞ്ഞു. 2015 ൽ 79.04 ശതമാനമായിരുന്നു ജില്ലയിലെ ആകെ പോളിങ്.പാലാ അടക്കമുളള നഗരസഭകളിൽ കഴിഞ്ഞ തവണത്തേക്കാൾ ഏഴു ശതമാനമാണ് വോട്ടു കുറഞ്ഞത്. ഇത് ഫലത്തെ എങ്ങനെ ബാധിക്കുമെന്നാണ് ആശങ്ക.
കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന്റെ ഇടതു മുന്നണി പ്രവേശനത്തോടെ കേരള കോൺഗ്രസിന്റെ തട്ടകമായ കോട്ടയമാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ഏവരും ആകാംഷയോടെ ഉറ്റുനോക്കുന്നത്. യുഡിഎഫ്്് കോട്ടയായ കോട്ടയം എൽഡിഎഫ് പിടിച്ചെടുക്കുമെന്നായിരുന്നു പൊതു വിലയിരുത്തൽ.
ഇടതുമുന്നണി വോട്ടുകളെല്ലാം പോൾ ചെയ്തതായി കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി അവകാശപ്പെട്ടു കഴിഞ്ഞു. ജില്ലാ പഞ്ചായത്തിലും പാലാനഗരസഭയിലും ബഹുഭൂരിപക്ഷം സീറ്റുകളും നേടുമെന്നും അദ്ദേഹം പറയുന്നു. എന്നാൽ പാലാ നഗരസഭയിലുണ്ടായ വോട്ടിംഗ് കുറവ് എങ്ങനെ ബാധിക്കുമെന്നതിൽ ചെറിയ ആശങ്കയുണ്ട്. എന്നാൽ പോൾ ചെയ്യാതെ പോയത് യുഡിഎഫ് വോട്ടുകളാണെന്നാണ് ജോസ് പക്ഷം കരുതുന്നത്. ഇടതു-വലത് മുന്നണികൾ വിജയം തങ്ങൾക്കാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും 16 ന് ഫലം വരുന്നത് വരെ ഇരു കൂട്ടരും ആശങ്കയുടെ മുൾമുനയിലാണ്.
കോട്ടയം ജില്ലാ പഞ്ചായത്തും പാലാ നഗരസഭയും കേരള കോൺഗ്രസിന്റെ ശക്തി കേന്ദ്രങ്ങളും ജോസിന്റെ വരവോടെ പിടിച്ചെടുക്കാമെന്നാണ് നേതൃത്വം കണക്കുകൂട്ടുന്നത്. കേരള കോൺഗ്രസ് ശക്തി കേന്ദ്രങ്ങളിൽ പോളിംഗ് ശതമാനത്തിൽ ഉണ്ടായ ഇടിവാണ് വലിയ വിജയ പ്രതീക്ഷ പുലർത്തിയ എൽഡിഎഫിനെ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്. പാലായിലും കടുത്തുരുത്തിയിലുമാണ് പോളിംഗ് ശതമാനത്തിൽ ഇടിവുണ്ടായത്.ഇരുമണ്ഡലങ്ങളിലെ നഗരസഭ, ബ്ലോക്ക് ഡിവിഷനുകളിൽ അഞ്ച് ശതമാനത്തിലേറെ വോട്ടാണ് കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് കുറഞ്ഞിരിക്കുന്നത്.2015 ൽ 79.04 ആയിരുന്നു പോളിംഗ് ശതമാനം. പാലാ നഗരസഭയിൽ 2015ൽ 77.7 ശതമാനമായിരുന്നു പോളിംഗ്. ഇത് ഇക്കുറി 71 ശതമാനമായി. കടുത്തുരുത്തിയിലെ ഉഴവൂർ ബ്ലോക്കിൽ അഞ്ച് ശതമാനത്തിന്റെയും കടുത്തുരുത്തി ബ്ലോക്കിൽ മാത്രം നാല് ശതമാനത്തിന്റേയും കുറവുണ്ടായി. ചങ്ങനാശ്ശേരി നഗരസഭയിൽ നാല് ശതമാനമാണ് കുറഞ്ഞത്.ഈരാറ്റുപ്പേട്ട നഗരസഭയിൽ ഇത്തവണയും 85 ശതമാനത്തിന് മുകളിൽ വോട്ടുകൾ പോൾ ചെയ്തു. ഇടത് കോട്ടകളായ കുമരകം, വൈക്കം മേഖലകളിൽ പോളിംഗ് ശതമാനത്തിൽ കുറവ് വന്നില്ലെന്നത് എൽഡിഎഫ് പ്രതീക്ഷ ഉയർത്തുന്നുമുണ്ട്.