കോവിഡ് പ്രതിസന്ധിക്കിടയിലും ഗൾഫ് മേഖല ഒന്നാകെ ആശ്വാസത്തിന്റെയും പ്രതീക്ഷയുടെയും നിമിഷങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ഖത്തർ ഉപരോധം അവസാനിക്കുന്നുവെന്ന വാർത്ത പ്രചരിക്കാനും അതിനനുഗുണമായ നീക്കങ്ങൾ ബന്ധപ്പെട്ട രാജ്യങ്ങളിൽനിന്നും ഉണ്ടാവുകയും ചെയ്തതോടെ പ്രതീക്ഷകൾ ഇരട്ടിച്ചിരിക്കുകയാണ്. ഈ മേഖലയിൽ ജീവിക്കുന്ന സ്വദേശികളിലെന്ന പോലെ വിദേശികളിലും ഈ വാർത്ത നൽകിയിരിക്കുന്ന ആശ്വാസം ചെറുതല്ല. മേഖലയുടെ സുരക്ഷക്കും സുസ്ഥിരതക്കും അനിവാര്യമായ സമാധാന ശ്രമങ്ങളാണ് നടന്നു വരുന്നത്. ഇക്കാര്യത്തിൽ ദീർഘകാലമായി തുടരുന്ന കുവൈത്തിന്റെ ശ്രമങ്ങൾക്ക് ഫലം കാണാൻ തുടങ്ങിയിരിക്കുന്നു.
അതോടൊപ്പം അമേരിക്ക കൂടി കൈകോർത്തതോടെ ഏവരും ആഗ്രഹിക്കുന്ന പഴയ സഹകരണത്തിലേക്ക് ഗൾഫ് രാജ്യങ്ങൾ വരുമെന്ന പ്രതീക്ഷയാണ് എങ്ങും. ബഹ്‌റൈനിൽ അടുത്തു നടക്കാനിരിക്കുന്ന 41 ാം ഉച്ചകോടിയെ ലോകം ഉറ്റുനോക്കുകയാണ്. മൂന്നു വർഷത്തിലേറെയായി തുടരുന്ന ഗൾഫ് പ്രതിസന്ധി അവസാനിപ്പിക്കുന്നതിനുള്ള കരാർ ഉച്ചകോടിയിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കരാർ യാഥാർഥ്യമായാൽ ഗൾഫ് മേഖയിൽ വൻ വളർച്ച സാധ്യമാകുന്ന മാറ്റങ്ങളാവും ഉണ്ടാവുക.
വാണിജ്യ, വ്യാവസായിക രംഗത്തും സാംസ്‌കാരിക വിനിയമയ രംഗത്തും ജനങ്ങൾ തമ്മിലുള്ള സഹകരണത്തിലുമെല്ലാം ഇതു നിഴലിക്കും. ഉപരോധം നീങ്ങി വ്യോമ, കര, കടൽ പാതകളെല്ലാം പഴയ രീതിയിൽ തുറക്കപ്പെട്ടാൽ അതു സാധാരണക്കാരായ പ്രവാസികൾക്കു പോലും ഗുണകരമായി മാറും. ജോലി സ്ഥലത്തുനിന്ന് നാട്ടിലേക്കുള്ള യാത്രക്കു പോലും അതു സഹായകമായി മാറും. വ്യാപാര രംഗത്തു പ്രവർത്തിക്കുന്നവർക്ക് അവരുടെ ഇടപാടുകൾ വ്യാപിക്കുന്നതിനും വിനോദ സഞ്ചാര മേഖല പുഷ്ടിപ്പെടുന്നതിനുമെല്ലാം ഇതു സഹായിക്കും. 2022 ലെ ലോക കപ്പ് ഫുട്‌ബോൾ ഖത്തറിൽ നടക്കാനിരിക്കേ ഫുട്‌ബോൾ പ്രേമികൾക്ക് ഇരട്ടിമധുരമാവും സഹകരണ കരാർ സമ്മാനിക്കുക.
ഇതിന്റെയെല്ലാം പ്രതിഫലനങ്ങൾ കൊച്ചു കേരളത്തിൽ വരെയുണ്ടാവുകയും കൂടുതൽ തൊഴിൽ സാധ്യതകൾ തുറക്കപ്പെടുകയും ചെയ്യും. അതുകൊണ്ടു തന്നെ ഗൾഫ് പൗരന്മാരെ പോല തന്നെ മലയാളി സമൂഹവും ഗൾഫ് രാജ്യങ്ങൾക്കിടയിലെ സഹകരണം പൂർവ സ്ഥിതിയിലായി കാണാൻ പ്രാർഥനയുമായാണ് കഴിയുന്നത്.
യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുതിർന്ന ഉപദേശകൻ ജരാദ് കുഷ്‌നർ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ ജി.സി.സി രാജ്യങ്ങളിലെ സന്ദർശനത്തോടെ തുടക്കം മുതൽ പ്രശ്‌നത്തിൽ മധ്യസ്ഥത വഹിക്കുന്ന കുവൈത്തിന്റെ നേതൃത്വത്തിലുള്ള നടപടികൾ ത്വരിതഗതിയിലാവുകയായിരുന്നു.
ഖത്തറും സൗദിയും തമ്മിലാണ് പ്രതിസന്ധി പരിഹാര കരാർ രൂപപ്പെടുന്നത്. ഗൾഫ് തർക്കം പരിഹരിക്കുന്നതിന് സൗദി അറേബ്യ നടത്തി വരുന്ന ശ്രമങ്ങൾക്ക് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന് കുവൈത്ത് അമീർ ശൈഖ് നവാഫ് അൽഅഹ്മദ് അൽജാബിർ അൽസ്വബാഹ് നന്ദിയും അഭിനന്ദനവും അറിയിച്ച് നൽകിയ സന്ദേശവും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽജാബിർ അൽ സ്വബാഹുമായി ടെലിഫോണിൽ ചർച്ച നടത്തിയതും ഗൾഫ് ഐക്യത്തിനായുള്ള കുവൈത്തിന്റെ നിരന്തര ശ്രമങ്ങൾക്ക് ഖത്തർ അമീർ നന്ദി അറിയിച്ചതുമെല്ലാം ശുഭസൂചനകളാണ്.
യു.എ.ഇ, ബഹ്‌റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങളെ സൗദി അറേബ്യ പ്രതിനിധീകരിക്കുന്നത് സൗദി അറേബ്യയുടെ അഭിമാനകരമായ സ്ഥാനത്തെയും മേഖലയിൽ സുരക്ഷാ ഭദ്രതയുണ്ടാക്കുന്നതിന് നടത്തുന്ന ശ്രമങ്ങളിൽ വഹിക്കുന്ന നേതൃപരമായ പങ്കും മേഖലയുടെ ഐക്യത്തിൽ സൗദി അറേബ്യയുടെ താൽപര്യവുമാണ് പ്രതിഫലിപ്പിക്കുന്നതെന്നായിരുന്നു സൽമാൻ രാജാവിന് കുവൈത്ത് അമീർ അയച്ച സന്ദേശത്തിൽ പറഞ്ഞത്.
സുരക്ഷ, സ്ഥിരത, അഭിവൃദ്ധി, ക്ഷേമം തുടങ്ങിയവയിലുള്ള ജനങ്ങളുടെ പ്രതീക്ഷകളും അഭിലാഷങ്ങളും സാക്ഷാൽക്കരിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കാൻ കരാർ ഗൾഫ് രാജ്യങ്ങളെ പ്രാപ്തരാക്കുമെന്നും അമീർ സന്ദേശത്തിൽ പറഞ്ഞിരുന്നു. ഉപരോധം ഉടൻ പരിഹരിക്കപ്പെടുമെന്നും ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും കുവൈത്ത് പാർലമെന്റ് സ്പീക്കർ മർസൂഖ് അൽഗാനിമും പരിഹാര ശ്രമങ്ങൾ ഫലപ്രാപ്തിയിൽ എത്തുകയാണെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് അഹ്മദ് നാസർ അൽ സ്വബാഹും പറഞ്ഞു.
ഉപരോധം അവസാനിപ്പിക്കുന്നതിനുള്ള കരാർ ഉടൻ ഉണ്ടാകുമെന്ന് സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാനും വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ മധ്യസ്ഥത വഹിക്കുന്ന കുവൈത്തിന്റെ ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തിരുന്നു.
എല്ലാവർക്കും സ്വീകാര്യമായ നിലയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്ന് ഖത്തർ വിദേശകാര്യ മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽഥാനിയും നിർണായകമായ ചുവടുവെപ്പാണ് ഉണ്ടായിരിക്കുന്നതെന്ന് ഖത്തർ വിദേശകാര്യ സഹമന്ത്രിയും മന്ത്രാലയം വക്താവുമായ ലുൽവ അൽഖാതിറും അറിയിച്ചിട്ടുണ്ട്. പരിഹാര നിർദേശങ്ങളെ ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് ബിൻ ഹമൂദ് അൽ ബുസൈദിയും സ്വാഗതം ചെയ്തിട്ടുണ്ട്. യു.എ.ഇ, ബഹ്‌റൈൻ, ഈജിപത് രാജ്യങ്ങളുടെ ഭാഗത്തുനിന്ന് ഇക്കാര്യത്തിൽ പരസ്യ പ്രതികരണം ഉണ്ടായിട്ടില്ലെങ്കിലും ഇപ്പോൾ നടത്തി വരുന്ന ശ്രമങ്ങൾക്ക് ഇവരുടെ പിന്തുണയും ഉണ്ടാകുമെന്നു തന്നെയാണ് പ്രതീക്ഷ. സൽമാൻ രാജാവിന് കുവൈത്ത് അമീർ അയച്ച സന്ദേശത്തിൽ ഇതിന്റെ സൂചന പ്രതിഫലിക്കുന്നുമുണ്ട്. മറ്റു പല ലോക രാഷ്ട്രങ്ങളും ഗൾഫ് പ്രതിസന്ധി പരിഹരിക്കപ്പെടുന്നതിനു നടത്തിവരുന്ന ശ്രമങ്ങൾക്ക് പിന്തുണയും അറിയിച്ചിട്ടുണ്ട്.
2017 ജൂൺ അഞ്ചിന് പുലർച്ചെയാണ് സൗദി അറേബ്യയും യു.എ.ഇയും ബഹ്‌റൈനും ഈജിപ്തും ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചത്. കര, വ്യോമ, കടൽ ഉപരോധം നടപ്പാക്കിയതിലൂടെ വർഷങ്ങളായി നിലനിന്നിരുന്ന സൗഹൃദ ബന്ധം മുറിയുകയായിരുന്നു.
ഇതു മൂലം സൗഹൃദങ്ങൾക്ക് എന്നും മുൻഗണന നൽകുന്ന അറബ് പാരമ്പര്യത്തിനാണ് മുറിവേറ്റത്. ആ മുറിവുണക്കുകയെയന്നത് അറബ് ജനതയുടെ ആഗ്രഹമാണ്. അതിനായുള്ള ശ്രമങ്ങൾ ബന്ധത്തിൽ ഉലച്ചിലുണ്ടായ കാലം മുതൽ തുടങ്ങിയിരുന്നുവെങ്കിലും അതിപ്പോൾ ഏതാണ്ട് ഫലപ്രാപ്തിയിലേക്ക് നീങ്ങുകയാണ്. ഇനിയുണ്ടാകേണ്ടത് ഔദ്യോഗിക പ്രഖ്യാപനവും പഴയ സൗഹൃദങ്ങളുടെ വീണ്ടെടുപ്പുമാണ്. അതിനായാണ് ലോകം കാത്തിരിക്കുന്നത്.