Sorry, you need to enable JavaScript to visit this website.

കാർഷിക നിയമത്തിനെതിരെ സുപ്രീം കോടതിയിലേക്ക്

ന്യൂദൽഹി- കാർഷിക നിയമം പിൻവലിക്കാൻ ഉത്തരവ് നൽകണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിക്കാൻ കർഷക സംഘടനകളുടെ തീരുമാനം. ഭാരതീയ കിസാൻ യൂണിയൻ സുപ്രീംകോടതിയിൽ ഹരജി നൽകി. കേന്ദ്രസർക്കാരിന്റെ പുതിയ മൂന്ന് കാർഷിക നിയമങ്ങളും കാർഷിക മേഖലയെ തകർക്കുമെന്നും ഭാരതീയ കിസാൻ യൂണിയൻ ഹരജിയിൽ പറയുന്നു. കർഷക പ്രതിഷേധങ്ങളെ പരിഗണിക്കാൻ തയ്യാറാകാതെ നിയമം പിൻവലിക്കില്ലെന്ന പിടിവാശിയിലാണ് കേന്ദ്ര സർക്കാർ. 
അതിനിടെ, കേന്ദ്ര സർക്കാരിന്റെ അനുനയ ശ്രമങ്ങൾ എല്ലാം തള്ളിക്കളഞ്ഞ് കർഷക സമരം മുന്നേറുമ്പോൾ പടയൊരുക്കത്തിനായി ഡൽഹി-ഹരിയാന അതിർത്തിയിൽ കർഷകരുടെ എണ്ണം പതിൻമടങ്ങായി വർധിക്കുന്നു. വിവാദ കാർഷിക നിയമങ്ങളിലെ ഭേദഗതി നിർദേശങ്ങൾ കർഷകർ തള്ളിയതോടെ സർക്കാർ ഇപ്പോൾ ചർച്ചയ്ക്കായി പിന്നാലെ നടക്കുകയാണ്. എന്നാൽ, നിയമങ്ങൾ പിൻവലിക്കുക എന്ന തങ്ങളുടെ ആവശ്യം ഇനിയും പരിഗണിച്ചില്ലെങ്കിൽ രാജ്യവ്യാപകമായി റെയിൽ ഗതാഗതം ഉൾപ്പടെ പാടേ തടസപ്പെടുത്തി സമരം കൂടുതൽ രൂക്ഷമാക്കി മാറ്റുമെന്നാണ് കർഷകർ ഇന്നലെ മുന്നറിയിപ്പു നൽകിയത്. അതിനിടെ ഡൽഹി-ചണ്ഡീഗഡ് ദേശീയ പാതയിലൂടെ നൂറു കണക്കിന് ട്രാക്ടറുകളാണ് കരിങ്കൊടി കെട്ടി ഇന്നലെ ഡൽഹി ലക്ഷ്യമാക്കി വന്നു കൊണ്ടിരുന്നത്. 
    ട്രെയിൻ തടയൽ സമരത്തിന്റെ തീയതി സംയുക്ത സമര സമിതി കൂടിയാലോചിച്ച് ഉടൻ അറിയിക്കുമെന്നും കർഷക നേതാക്കൾ പറഞ്ഞു.  ഡിസംബർ പത്തുവരെ സർക്കാരിന് സമയം നൽകിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി കർഷകരുടെ ആവശ്യങ്ങൾ നിരസിച്ചിരിക്കുകയാണ്. ഇനി റെയിൽ ഗതാഗതം ഉൾപ്പടെ സ്തംഭിപ്പിച്ചു സമരം വ്യാപിക്കുകയാണെന്ന്് കർഷക നേതാവ് ബൂട്ടാ സിംഗ് പറഞ്ഞു. 
    അതേസമയം, കർഷകരുമായി ചർച്ചയ്ക്കു തയാറാണെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര തോമർ ഇന്നലെയും ആവർത്തിച്ചു. കാർഷിക നിയമങ്ങളിൻമേലുള്ള പ്രതിഷേധം അവസാനിപ്പിക്കാൻ സർക്കാർ ചർച്ചയ്ക്കു തയാറാണ്.  നിയമങ്ങൾ കർഷകർക്ക് ഗുണം ചെയ്യുന്നതാണ്. സർക്കാർ നിർദേശിച്ച ഭേദഗതികളുടെ അടിസ്ഥാനത്തിൽ കൂടുതൽ ചർച്ചയ്ക്കു കർഷകർ തയാറാകണമെന്നും കൃഷിമന്ത്രി ആവശ്യപ്പെട്ടു. എന്നാൽ, തങ്ങൾക്ക് അനുകൂലമായ നിർദേശങ്ങൾ അയക്കുകയാണെങ്കിൽ മാത്രം ചർച്ചയ്ക്കു തയാറാകാം എന്നാണ് കർഷക സംഘടനകൾ മന്ത്രിയുടെ വാക്കുകളോട് പ്രതികരിച്ചത്. 
    പുതിയ പാർലമെന്റ് മന്ദിരത്തിന് തറക്കല്ലിട്ട ദിവസം തന്നെ സർക്കാർ കാർഷിക നിയമങ്ങൾ പിൻവലിക്കുകയും കർഷകരുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ഉറപ്പു നൽകുകയും ചെയ്യണമെന്നും വിവാദ നിയമങ്ങളുടെ പേരിൽ കേന്ദ്ര സർക്കാരിനുള്ള പിൻതുണ പിൻവലിച്ച് കേന്ദ്ര മന്ത്രി സ്ഥാനം രാജിവെച്ച് ശിരോമണി അകാലിദൾ നേതാവ് ഹർസിമ്രത് കൗർ ബാദൽ ആവശ്യപ്പെട്ടു.
    താങ്ങുവിലയെ പുതിയ നിയമങ്ങൾ ഒരു തരത്തിലും ബാധിക്കില്ലെന്നാണ് ഇന്നലെ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ പറഞ്ഞത്. കർഷകരുടെ ഭൂമി വ്യവസായ ഭീമൻമാർ തട്ടിയെക്കുമെന്നാണ് പ്രചാരണം നടക്കുന്നത്. എന്നാൽ, ഗുജറാത്ത്, മഹാരാഷ്ട്ര, ഹരിയാന, പഞ്ചാബ്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ വർഷങ്ങളായി കരാർ കൃഷി നടക്കുന്നുണ്ട്. അവിടെയൊന്നും തന്നെ കർഷകർക്കു സ്വന്തം ഭൂമി നഷ്ടപ്പെട്ടിട്ടില്ലെന്നും മന്ത്രി ന്യായീകരിച്ചു. കാർഷിക വിപണികളുടെ കാര്യത്തിൽ കർഷകർക്ക് മേൽ ഒരു സമ്മർദവും ഉണ്ടാകില്ല. അവർക്ക് ഇഷ്ടമുള്ള സ്ഥലങ്ങളിൽ ഉത്പന്നങ്ങൾ വിറ്റഴിക്കാമെന്നുമാണ് മന്ത്രിയുടെ വിശദീകരണം. കൃഷിമന്ത്രിക്കൊപ്പം കേന്ദ്ര ഭക്ഷ്യ മന്ത്രി പിയൂഷ് ഗോയലും ചേർന്ന് പത്രസമ്മേളനം നടത്തിയാണ് ഇന്നലെ ഇക്കാര്യങ്ങളിൽ വിശദീകരണം നൽകിയത്. 
    പ്രശ്‌ന പരിഹാരത്തിനായി സർക്കാർ തുറന്ന മനസോടെ കർഷക നേതാക്കളുടെ പ്രതികരണത്തിനു കാത്തിരിക്കുകയാണെന്നും മന്ത്രിമാർ വ്യക്തമാക്കി. എന്നാൽ, കർഷകർക്ക് ആവശ്യമില്ലാത്ത ഒരു സമ്മാനം നൽകിയിട്ട് അത് തിരിച്ചെടുക്കാൻ ആവശ്യപ്പെടുമ്പോൾ സർക്കാർ മുഖം തിരിച്ചു നിൽക്കുകയാണെന്നാണ് സമരം ചെയ്യുന്നവർ പറയുന്നത്.  പാസായ നിയമങ്ങൾ കർഷകരേക്കാൾ വ്യവസായികൾക്ക് വേണ്ടിയുള്ളതാണെന്ന് സർക്കാർ തന്നെ ഒരു ഘട്ടത്തിൽ സമ്മതിച്ചിട്ടുമുണ്ട്. കൃഷി എന്നത് പൂർണമായും സംസ്ഥാന വിഷയമാണ്. അതിനാൽ തന്നെ ഇത്തരതിൽ നിയമം കൊണ്ടുവരാൻ കേന്ദ്ര സർക്കാരിന് അധികാരമില്ലെന്നും ഭാരതീയ കിസാൻ യൂണിയൻ നേതാവ് ബൽബീർ സിംഗ് രാജേവാൾ ചൂണ്ടിക്കാട്ടി. 

Latest News