Sorry, you need to enable JavaScript to visit this website.

കര്‍ഷക സമരം വിദേശ മാധ്യമങ്ങളില്‍; ഇന്ത്യയെ പഠിപ്പിക്കുന്നത് നിര്‍ണായക പാഠം

ന്യൂദല്‍ഹി- കാര്‍ഷിക മേഖലയുടെ കോര്‍പറേറ്റ്‌വല്‍ക്കരണത്തിന് അനുയോജ്യമായ നിലയില്‍ പാസാക്കിയ നിയമങ്ങള്‍ക്കെതിരെ ഇന്ത്യയില്‍ കര്‍ഷകര്‍ ആരംഭിച്ച പ്രക്ഷോഭം അന്താരാഷ്ട്ര മാധ്യമങ്ങള്‍ വളരെ പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കര്‍ഷകരെ പിന്തുണച്ച് കനേഡിയന്‍ പ്രധാനമന്ത്രി  പരസ്യമായി രംഗത്തു വന്നതിനെ തടര്‍ന്ന് ഉടലെടുത്ത നയതന്ത്ര പ്രശ്‌നങ്ങള്‍ മാത്രമല്ല ഇതിനു കാരണമെന്ന് പ്രശ്‌സത മാധ്യമ പ്രവര്‍ത്തകയും ചാനല്‍ അവതാരകയുമായ ബര്‍ഖ ദത്ത് അഭിപ്രായപ്പെടുന്നു.
സാമ്പത്തിക നിയമത്തില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ തുടങ്ങിയ സമരം ഇപ്പോള്‍ വളരെ വലുതായിത്തീര്‍ന്നിരിക്കുന്നുെന്ന് വാഷിംഗ്ടണ്‍ പോസ്റ്റില്‍ അവര്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.
സംസ്‌കാരം, സ്വത്വം, ഫെഡറലിസം, ജനാധിപത്യം, വിയോജിപ്പ് തുടങ്ങിയ മറ്റു പല വിഷയങ്ങളെക്കുറിച്ചും ഈ സമരം ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ കൂട്ടത്തോടെ ആരംഭിച്ച സമരം സര്‍വശക്തരായ ബ.ജെ.പിക്കെതിരെ സാധാരണ പൗരന്മാര്‍ നടത്തുന്ന ഏറ്റവും വലിയ പ്രതിഷേധമാണ്. കര്‍ഷകര്‍ പഠിപ്പിക്കുന്നത് ഇന്ത്യക്ക് അനിവാര്യമായ പാഠമാണെന്നും ബര്‍ഖ ദത്ത് ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
വേണമെങ്കില്‍  എട്ട് മാസം ഇവിടെ താമസിക്കാന്‍ തയാറാണെന്ന കര്‍ത്താര്‍ സിംഗിന്റെ വാക്കുകള്‍ അവര്‍ ഉദ്ധരിച്ചു. ദേശീയ തലസ്ഥാനത്തിന്റെ അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന പതിനായിരക്കണക്കിന് കര്‍ഷകരില്‍ ഒരാളാണ് സിംഗ്.
സൈന്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന തന്റെ മകന്‍ ഇപ്പോള്‍ ചൈനയുടെ അതിര്‍ത്തിയില്‍ ഡ്യൂട്ടിയിലാണെന്നും ഇവിടെ എല്ലാവരും ദേശസ്‌നേഹികളാണെന്നും രാജ്യത്തിനായി മരിക്കാന്‍ തങ്ങള്‍ തയാറാണെന്നും കുര്‍ത്തയുടെ പോക്കറ്റില്‍നിന്നെടുത്ത മകന്റെ ഫോട്ടോയിലേക്ക് വിരല്‍ ചൂണ്ടി അദ്ദേഹം പറഞ്ഞു.
മുഖ്യധാരാ മാധ്യമങ്ങളും ജുഡീഷ്യറിയും പ്രതിപക്ഷവുമടക്കം ഇന്ത്യയിലെ ഭരണഘടനാ സ്ഥാപനങ്ങളുമെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിപുലമായ തെരഞ്ഞെടുപ്പ് സ്വാധീനത്തിലും അധികാരത്തിലും പകച്ചു നില്‍ക്കുമ്പോഴാണ് മോഡി സര്‍ക്കാരിനെതിരായ കര്‍ഷകരുടെ പ്രക്ഷോഭം. രണ്ടാഴ്ച പിന്നിട്ടിട്ടും അതിന്റ ആവേശം ചാര്‍ന്നതുമില്ല. രാജ്യത്തെ ജനസംഖ്യയുടെ 60 ശതമാനത്തിലധികം കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു രാജ്യത്ത് ഇന്ത്യന്‍ കര്‍ഷകന്റെ ധാര്‍മിക ശക്തിയെ കുറച്ചുകാണാന്‍ കഴിയില്ലെന്നും ബര്‍ഖ ദത്ത് ഉണര്‍ത്തുന്നു.

 

Latest News