ലഖ്‌നൗ- ഉത്തര്‍ പ്രദേശിലെ കുശിനഗറില്‍ വ്യാജ ലവ് ജിഹാദ് ആരോപണത്തെ തുടര്‍ന്ന് പോലീസ് മുസ്‌ലിം ദമ്പതിമാരുടെ വിവാഹം തടഞ്ഞു. നവവരന്‍ 39കാരനായ ഹൈദര്‍ അലിയേയും വധു 28കാരിയായ ശബീല ഖാത്തൂനേയും പോലീസ് പിടികൂടി കൊണ്ടുപോയി രാത്രി മുഴുവന്‍ സ്റ്റേഷനിലിരുത്തുകയും ചെയ്തു. ഒരു മുസ്‌ലിം യുവാവ് ഹിന്ദു യുവതിയെ വിവാഹം ചെയ്യുന്നുവെന്ന അജ്ഞാത ഫോണ്‍ ഫോണ്‍ കോളിനെ തുടര്‍ന്നാണ് ചൊവ്വാഴ്ച ഇവരുടെ വിവാഹ ചടങ്ങിലേക്ക് പോലീസെത്തി വിവാഹം കുളമാക്കിയത്. രാത്രിയിലുടനീളം സ്റ്റേഷനിലിരുത്തിയ ശേഷം ഇരുവരും മുസ്‌ലിംകളാണെന്ന് തെളിഞ്ഞതോടെ അടുത്ത ദിവസം വിട്ടയക്കുകയും ചെയ്തു. തന്നെ പോലീസ് ലദര്‍ ബെല്‍റ്റ് ഉപയോഗിച്ച് പൊതിരെ തല്ലുകയും മണിക്കൂറുകളോളം മര്‍ദിക്കുകയും ചെയ്‌തെന്ന് ഹൈദര്‍ അലി പറഞ്ഞു. യുവതിയുടെ സഹോദരന്‍ അസംഗഢില്‍ നിന്നും കസ്യ പോലീസ് സ്റ്റേഷനിലെത്തി വിവാഹത്തിന് എതിര്‍പ്പില്ലെന്ന് വ്യക്തമാക്കിയതോടെയാണ് നവദമ്പതികളെ പോലീസ് മോചിപ്പിച്ചത്. പിന്നീട് ബുധനാഴ്ച ഇരുവരും വിവാഹതിരായി.
സംഭവത്തില്‍ പോലീസ്് ലവ് ജിഹാദ് അഭ്യൂഹം പരത്തിയതിന് 'സാമൂഹ്യ ദ്രോഹികളെ' പഴിക്കുകയാണ് ചെയ്തത്. ഇരുവരും പ്രായപൂര്‍ത്തിയായവരും ഒരേ മതവിശ്വാസികളും ആണെന്ന് തെളിഞ്ഞതോടെ വിട്ടയച്ചുവെന്ന് കസ്യ പോലീസ് സ്റ്റേഷന്‍ എസ്എച്ഒ സജ്ഞയ് കുമാര്‍ പറഞ്ഞു. സാഹചര്യങ്ങള്‍ സംഘര്‍ഷഭരിതവും ഇത്തരം സംഭവങ്ങളില്‍ ഭരണകൂടത്തിന് കര്‍ശന നിലപാടുണ്ട് എന്നതുകൊണ്ടും പോലീസ് തക്കസമയത്ത് നടപടി സ്വീകരിക്കുകയായിരുന്നുവെന്ന് സര്‍ക്കിള്‍ ഓഫീസര്‍ പിയുഷ് കാന്ത് റായ് പറഞ്ഞു.
ദമ്പതികളെ പോലീസ് സ്റ്റേഷനിലെത്തിച്ചതിനു പിന്നാലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും പ്രാദേശിക ഇന്റലിജന്‍സ് യൂണിറ്റും പ്രദേശവാസികളായ ഏതാനം 'മാന്യവ്യക്തികളും' പോലീസ് സ്റ്റേഷനിലെത്തിയിരുന്നുവെന്നും യുവാവിനെ മര്‍ദിച്ചിട്ടില്ലെന്നും കുശിനഗര്‍ എസ് പി വിനോദ് കുമാര്‍ സിങ് പറഞ്ഞു.
ചൊവ്വാഴ്ച വിവാഹ ചടങ്ങിലേക്ക് പോലീസ് കയറി വരുന്നതിനു മുമ്പ് ഹിന്ദു യുവ വാഹിനി പ്രവര്‍ത്തകര്‍ എന്ന് അവകാശപ്പെട്ട് ഏതാനും യുവാക്കള്‍ വരികയും തങ്ങളേ ചോദ്യം ചെയ്യുകയും ചെയ്തിരുന്നുവെന്ന് പ്രദേശത്തെ സാമുഹ്യ പ്രവര്‍ത്തകന്‍ അര്‍മാന്‍ ഖാന്‍ പറയുന്നു.