ജിദ്ദ- കിംഗ് സൗദ് ബിൻ അബ്ദുൽ അസീസ് യൂണിവേഴ്‌സിറ്റി ഫോർ ഹെൽത്ത് സയൻസിലെ മൂന്നാം സെമസ്റ്റർ മെഡിക്കൽ വിദ്യാർഥികൾ അവരുടെ ഹൃസ്വകാല ഗവേണഷണത്തിന്റെ ഭാഗമായി ഇന്ത്യൻ പരമ്പരാഗത വ്യായാമ ചികിത്സാരീതിയായ യോഗയുടെ ഗുണങ്ങളെ പറ്റിയും, ഇറിറ്റബിൾ ബവ്വൽ സിൻഡ്രോം എന്ന രോഗാവസ്ഥയിൽ നിന്നും ആശ്വാസം ലഭിക്കുവാൻ യോഗാഭ്യാസ്സം ഗുണകരമായേക്കും എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു. ജിദ്ദയിലെ കിംഗ് സൗദ് ബിൻ അബ്ദുൽ അസീസ് യൂണിവേഴ്‌സിറ്റി ഫോർ ഹെൽത്ത് സയൻസിലെ ഫിസിയോളജി വിഭാഗം അസിസ്റ്റനന്റ് പ്രൊഫസറും തൃശൂർ സ്വദേശിയുമായ ഡോക്ടർ രാജു സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ വിദ്യാർഥികളായ അഹമ്മദ് അൽഹസ്സൻ, ഒമർ ഷേക്ക്, യൂസഫ് അൽ അകീൽ, മുഹമ്മദ് കട്ടൻ, അബ്ദുൾറഹ്മാൻ മെർടാഡ് എന്നിവരാണ് പ്രബന്ധം യൂണിവേഴ്‌സിറ്റിയിൽ അവതരിപ്പിച്ചത്. സൗദിയിൽ യോഗാപഠനവും, യോഗാഭ്യാസവും നിയമപരമായി കൊണ്ടുവരാൻ നേതൃത്വം നൽകിയ ആദ്യ സൗദി യോഗാചാരിണി പദ്മശ്രീ നൂഫ് അൽ മർവായി ഈ പഠനത്തിന്റെ ഭാഗമായി. യോഗയുടെ വിവിധ ഗുണങ്ങളെ പറ്റിയുള്ള അനവധി ഓൺലൈൻ ക്ലാസുകളും സംശയനിവാരണവും ഇവർ വിദ്യാർത്ഥികളുമായി പങ്കുവച്ചു. റിയാദ് അൽഫൈസൽ യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ ന്യൂറോളജി വിഭാഗത്തിലുള്ള ഡോക്ടർ ഹജർ അൽ റീഫിയും ഈ പഠനത്തിന്റെ ഭാഗമായി വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിച്ചു. 2017 നവംബറിൽ സൗദിയിൽ യോഗയെ ഒരു കായിക വിഭാഗമായി സൗദി കായിക മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. യോഗയുടെ സമഗ്ര സംഭവനക്കു യോഗാചാരിണി നൂഫ് അൽ മർ വായിക്ക് ഭാരത സർക്കാർ 2018 പദ്മശ്രീ പുരസ്‌കാരം നൽകി ആദരിച്ചിരുന്നു.