തിരുവനന്തപുരം- ബൈക്ക് യാത്രയിൽ പിന്നിലിരിക്കുന്നവരും ഹെൽമറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി ക്രിക്കറ്റ് സൂപ്പർ താരം സച്ചിൻ ടെൻഡുൽക്കർ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച വീഡിയോ വൈറലായി.
തിരുവനന്തപുരത്ത് എയർപോർട്ട് ചാക്ക റോഡിലൂടെ കാറിലൂടെ സഞ്ചരിക്കുമ്പോഴാണ് ബൈക്കിനു പിന്നിൽ ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്തയാളെ ഹെൽമറ്റ് ധരിക്കാൻ സച്ചിൻ ഉപദേശിച്ചത്. തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക് പേജിലാണ് താരം ഈ വീഡിയോ പങ്കു വെച്ചത്. വീഡിയോ അപ്‌ലോഡ് ചെയ്ത് നിമിഷങ്ങൾക്കകം വൻ പ്രതികരണമാണ് ലഭിച്ചത്. സച്ചിനെ കണ്ട് അതിശയപ്പെടുന്ന ആരാധകരെയും വീഡിയോയിൽ കാണാം. വാഹനത്തിന്റെ വേഗത കുറയുന്ന സമയത്ത് അടുത്തെത്തിയ ആരാധകരോടാണ് ഹെൽമറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സച്ചിൻ വിശദീകരിക്കുന്നത്. ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്താൽ മുന്നിലുള്ളയാൾക്ക് മാത്രമല്ല പിന്നിൽ ഇരിക്കു ന്നയാൾക്കും പരിക്കേൽക്കാമെന്ന് ചൂണ്ടിക്കാട്ടിയാണ് സച്ചിന്റെ സ്‌നേഹോപദേശം. വീഡിയോക്കു താഴെ സച്ചിനെ അഭിനന്ദിച്ച് സന്ദേശങ്ങൾ കുമിഞ്ഞു കൂടുകയാണ്. അതേസമയം, സച്ചിനെ സീറ്റ് ബെൽറ്റ് ധരിക്കാൻ 'ഉപദേശിക്കുന്ന' പ്രതികരണങ്ങളും കുറവല്ല.
ഐ.എസ്.എൽ നാലാം സീസണിന് തുടക്കമാകാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമിനു പിന്തുണ അഭ്യർഥിച്ച് സച്ചിൻ ടെൻഡുൽക്കർ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിക്കാനായി കേരളത്തിലെത്തിയിരുന്നു. ഈ സമയത്തു പകർത്തിയ വീഡിയോ ആണിതെന്ന് കരുതുന്നു.