Sorry, you need to enable JavaScript to visit this website.

കപ്പലില്‍ കോവിഡ്; ടൂറിസം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി

സിംഗപ്പുര്‍ സിറ്റി- യാത്രക്കാരില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സിംഗപ്പുരിലെ വിനോദ കപ്പല്‍ യാത്ര മുടങ്ങി. മൂന്ന് ദിവസത്തിനു ശേഷം രണ്ടായിരം യാത്രക്കാരുമായി കപ്പല്‍ തീരത്തേക്ക് മടങ്ങി. എവിടേക്കും പോകാതെയുള്ള സമുദ്ര സഞ്ചാരമൊരുക്കിയ റോയല്‍ കരീബിയന്‍ ക്രൂയിസ്  കപ്പലാണ്  യാത്രക്കാരെ കാബിനുകളില്‍ ക്വാറന്റൈന്‍ ചെയ്ത് ഡോക്കിലേക്ക് മടങ്ങിയത്.
കപ്പല്‍ യാത്ര ഒരുക്കി ടൂറിസം തിരിച്ചുപിടിക്കാനുള്ള സിംഗപ്പുരിന്റെ കന്നി ശ്രമമാണ് ഇതോടെ പാളിയത്. സ്റ്റോപ്പില്ലാത്ത കപ്പലില്‍ വെറും സഞ്ചാരത്തിന് സിംഗപ്പൂര്‍ താമസക്കാര്‍ക്ക് മാത്രമാണ് സൗകര്യം ഒരുക്കിയിരുന്നത്.
അസുഖം അനുഭവപ്പെട്ട ഒരു അതിഥിക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ അസുഖം പടരാതിരിക്കാന്‍ എല്ലാ അതിഥികളോടും അവരവരുടെ റൂമുകളില്‍ തുടരാന്‍  ക്വാണ്ടം ഓഫ് ദ സീസ് ക്യാപ്റ്റന്‍ ആവശ്യപ്പെടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.
പ്രമേഹം, ഹൃദ്രോഗം തുടങ്ങി അടിയന്തര മെഡിക്കല്‍ സേവനങ്ങള്‍ ആവശ്യമുള്ളവരോട് വിവരങ്ങള്‍ നല്‍കാനും ആവശ്യപ്പെട്ടു. നാല് ദിവസത്തെ കപ്പല്‍ യാത്ര അവസാനിക്കുന്നതിന് ഒരു ദിവസം മുമ്പാണ് കപ്പല്‍ സിംഗപ്പൂരിലേക്ക് മടങ്ങിയതെന്ന് ക്യാപ്റ്റന്‍ പറഞ്ഞു.
പോസിറ്റിവ് ടെസ്റ്റ് സ്ഥിരീകരിച്ച രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ മറ്റു യാത്രക്കാര്‍ക്കും ജോലിക്കാര്‍ക്കും പരിശോധനയില്‍ വൈറസ് നെഗറ്റീവായതായി റോയല്‍ കരീബിയന്‍ അറിയിച്ചു.
അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവരോട് നിരീക്ഷണത്തല്‍ പോകാന്‍ ആവശ്യപ്പെട്ടതായും മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായി കപ്പലില്‍ അടിയന്തര അണുനശീകരണത്തിന് നടപടികള്‍ സ്വീകരിച്ചതായും   സിംഗപ്പുര്‍ ടൂറിസം ബോര്‍ഡിലെ ക്രൂയിസ് വിഭാഗം ഡയറക്ടര്‍ ആനി ചാങ് പറഞ്ഞു.
കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചില്‍ നിര്‍ത്തിയിട്ട കപ്പലിന്റെ ആദ്യ യാത്ര കഴിഞ്ഞയാഴ്ചയാണ് ആരംഭിച്ചത്. എവിടേക്കുമല്ലാത്ത യാത്ര എന്ന പേരിലായിരുന്നു റോയല്‍ കരീബിയന്‍ സഞ്ചാരം.
കൊറോണ വൈറസ് തകര്‍ത്ത സിംഗപ്പൂരിന്റെ ടൂറിസം വ്യവസായത്തെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായിരുന്നു കപ്പല്‍ യാത്ര.  കൊറോണ മഹാമാരി ആഗോള തലത്തില്‍ കപ്പല്‍ സഞ്ചാരത്തെ ഗുരുതരമായി ബാധിച്ചതിനെ തുടര്‍ന്ന് ടൂറിസം മേഖലയിലൂടെ തിരിച്ചുപിടിക്കാനുള്ള ശ്രമം തുടങ്ങിയത്.  ക്രൂയിസ് കപ്പലുകളിലാണ് ആദ്യ മാസങ്ങളില്‍ കോവിഡ് പൊട്ടിപ്പുറപ്പെട്ടിരുന്നത്. 700 ഓളം അതിഥികള്‍ക്കും ജോലിക്കാര്‍ക്കും കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഡയമണ്ട് പ്രിന്‍സസ് എന്ന കപ്പല്‍ ഫെബ്രുവരിയില്‍ ജപ്പാന്‍ തീരത്ത് ആഴ്ചകളോളം പിടിച്ചിട്ടിരുന്നു.
58,000 കോവിഡ് കേസുകളും 29 മരണങ്ങളും മാത്രമാണ്  സിംഗപ്പൂരില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. കപ്പല്‍ യാത്രക്കാരനില്‍ കോവിഡ് സ്ഥിരീകരിച്ചത് ഹോങ്കോംഗുമായി ക്വാറന്റൈന്‍ ആവശ്യമില്ലാത്ത വിമാന സര്‍വീസുകള്‍ ആരംഭിക്കാനിരുന്ന സിംഗപ്പൂരിന് തിരിച്ചടിയായി.
ഹോങ്കോംഗുമായി ബബ്ള്‍ കരാര്‍ പ്രകാരം വിമാന സര്‍വീസ് ആരംഭിക്കാനുള്ള നീക്കം  പതിനൊന്നാം മണിക്കൂറില്‍ മാറ്റിവെച്ചു.

 

Latest News