Sorry, you need to enable JavaScript to visit this website.

പാര്‍ട്ടിക്കു വിളമ്പിയ ഭക്ഷണത്തില്‍ തൊട്ടതിന് മധ്യപ്രദേശില്‍ ദളിത് യുവാവിനെ അടിച്ചുകൊന്നു

ഭോപാല്‍- പാര്‍ട്ടിക്കു വിളമ്പിയ ഭക്ഷണം കഴിച്ചതിന് മാനസിക രോഗിയായ ദളിത് യുവാവിനെ രണ്ടു പേര്‍ ചേര്‍ന്ന് അടിച്ചു കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഛത്തര്‍പൂര്‍ ജില്ലയിലെ ഒരു ഗ്രാമത്തില്‍ തിങ്കളാഴ്ചയാണ് സംഭവം. പ്രതികളായ സന്തോഷ് പാല്‍, രോഹിത് സോണി എന്നിവര്‍ അവരുടെ ഫാം ഹൗസില്‍ സംഘടിപ്പിച്ച സ്വകാര്യ പാര്‍ട്ടിക്കു ശേഷം സ്ഥലം വൃത്തിയാക്കാനായി കൊണ്ടു പോയതായിരുന്നു  കൊല്ലപ്പെട്ട ദേവരാജ് അനുരാഗി എന്ന യുവാവിനെ. കിഷന്‍പുര ഗ്രാമത്തിലെ വീട്ടിനു പുറത്ത് ദേവരാജ് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് ഇരുവരും വന്നു കൂട്ടിക്കൊണ്ടു പോയത്. ദേവരാജ് അവിടെ കണ്ട ഭക്ഷണം എടുത്തു കഴിക്കുന്നത് കണ്ടതോടെ പ്രതികള്‍ രോഷാകുലരാകുകയും ദേവരാജിനെ വടിയെടുത്ത് പൊതിരെ തല്ലുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 

രണ്ടു മണിക്കൂറിനു ശേഷം പ്രതികള്‍ ദേവരാജിനെ വീട്ടിനു മുന്നില്‍ ഇറക്കി സ്ഥലം വിട്ടു. രണ്ടു സുഹൃത്തുക്കളും താനും പാര്‍ട്ടിക്കിടെ അവരുടെ ഭക്ഷണത്തില്‍ തൊട്ടതിനാണ് മര്‍ദിച്ചതെന്ന് മരിക്കുന്നതിനു മുമ്പായി ദേവരാജ് പറഞ്ഞതായി ബന്ധുക്കള്‍ പറയുന്നു. പ്രതികളെ കണ്ടെത്താനായി പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിച്ചതായി അഡീഷണല്‍ പോലീസ് സുപ്രണ്ട് സമീര്‍ സൗരഭ് പറഞ്ഞു. ഇരുവര്‍ക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. 

സിഗരറ്റ് കത്തിക്കാന്‍ തീപ്പെട്ടിക്കൊള്ളി നല്‍കാത്തതിന്റെ പേരില്‍ 50കാരനായ ദളിത് മധ്യവയസ്‌ക്കനെ പത്തു ദിവസം മുമ്പാണ് രണ്ടു യാദവ യുവാക്കള്‍ അടിച്ചു കൊന്നത്. ഈ സംഭവത്തിനു ഏതാനും ദിവസങ്ങള്‍ക്കു ശേഷം ഒരു ദളിത് കുടുംബത്തെ ശിവപുരി ജില്ലയിലെ അവരുടെ ഗ്രാമത്തില്‍ നിന്ന് ആട്ടിയോടിച്ച സംഭവം റിപോര്‍ട്ട് ചെയ്തിരുന്നു. ബിജെപി എംപി ജ്യോതിരാദിത്യ സിന്ധ്യയുടെ അനുഭാവിയും മന്ത്രിയുമായ സുരേഷ് ധകഡ് രത്‌ഖേഡയുടെ ബന്ധുക്കളാണ് ഈ കുടുംബം. കോണ്‍ഗ്രസില്‍ നിന്നും സിന്ധ്യയ്‌ക്കൊപ്പം ബിജെപിയിലേക്ക് ചേക്കേറിയ ഈ മന്ത്രിക്കു വോട്ടു ചെയ്തില്ല എന്നാരോപിച്ചാണ് ഈ കുടുംബം പീഡിപ്പിക്കപ്പെട്ടത്.
 

Latest News