മുംബൈ- ബോളിവുഡ് താരം അനില്‍ കപൂര്‍ നായകനായി നെറ്റ്ഫ്‌ളിക്‌സില്‍ ഉടന്‍ റിലീസ് ചെയ്യാനിരിക്കുന്ന സിനിമയ്‌ക്കെതിരെ ഇന്ത്യന്‍ വ്യോമ സേന. 'എകെ വേഴ്‌സസ് എകെ' എന്ന പുതിയ ചിത്രത്തിന്റെ ട്രെയ്‌ലര്‍ വിഡിയോ അനില്‍ കപൂര്‍ ട്വീറ്റ് ചെയ്തിരുന്നു. വ്യോമ സേനാ യുനിഫോം ധരിച്ച കപൂര്‍ മോശം ഭാഷയില്‍ സംസാരിക്കുന്ന രംഗങ്ങളാണ് ട്രെയ്‌ലറില്‍ ഉള്ളത്. ഇതാണ് സേനയെ ചൊടിപ്പിച്ചത്. ശരിയായ രീതിയലല്ലാതെ യുനിഫോം ധരിച്ച് മോശമായ ഭാഷാ പ്രയോഗങ്ങള്‍ നടത്തുന്നത് ഇന്ത്യന്‍ വ്യോമ സേനയുടെ പെരുമാറ്റ ചട്ടങ്ങളുമായി യോജിക്കുന്നതല്ല, ഈ ദൃശ്യങ്ങള്‍ സിനിമയില്‍ നിന്ന് പിന്‍വലിക്കണമെന്നും വ്യോമ സേന ട്വീറ്റിലൂടെ ആവശ്യപ്പെട്ടു. അനില്‍ കപൂറും സംവിധായകന്‍ അനുരാഗ് കശ്യപുമാണ് ദൃശ്യത്തിലുള്ളത്. കശ്യപും ഈ സിനിമയില്‍ അഭിനയിക്കുന്നുണ്ട്. ഡിസംബര്‍ 24നാണ് റിലീസ്.
വ്യോമ സേന എതിര്‍പ്പ് വ്യക്തമാക്കിയതോടെ മാപ്പു പറഞ്ഞ് അനില്‍ കപൂറും രംഗത്തെത്തി. 'എന്റെ പുതിയ സിനിമയുടെ ട്രെയ്‌ലര്‍ ചില വ്യക്തികള്‍ക്ക് അവഹേളനമായത് ശ്രദ്ധയില്‍പ്പെട്ടു. ഇന്ത്യന്‍ വ്യോമ സേനയുടെ യൂനിഫോമില്‍ മോശമായി ഞാന്‍ സംസാരിക്കുന്ന രംഗങ്ങളാത് ഇതിനു കാരണമായത്. മനപ്പുര്‍വമല്ലാതെ ഇത് ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു,' വിഡിയോ സന്ദേശത്തില്‍ അനില്‍ കപൂര്‍ വ്യക്തമാക്കി.