ഔറംഗാബാദ്- കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ദല്‍ഹിയില്‍ നടന്നുവരുന്ന കര്‍ഷക പ്രക്ഷോഭത്തിനു പിന്നില്‍ ചൈനയും പാക്കിസ്ഥാനുമാണെന്ന് കേന്ദ്ര മന്ത്രി റാവുസാഹബ് ദന്‍വെ ആരോപിച്ചു. പൗരത്വ ഭേദഗതി നിയമത്തിന്റേയും ദേശീയ പൗരത്വ പട്ടികയുടേയും പേരില്‍ മുസ്‌ലിംകളെ നേരത്തെ ഇളക്കിവിട്ടെങ്കിലും വിജയിച്ചില്ല, ഇപ്പോള്‍ നിയമം കാരണം നഷ്ടമുണ്ടാകുമെന്ന് കര്‍ഷകരെ ധരിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 'ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭം കര്‍ഷകരുടേത് അല്ല. അതിനു പിന്നില്‍ ചൈനയുടേയും പാക്കിസ്ഥാന്റേയും കരങ്ങളുണ്ട്. പൗരത്വ പട്ടികയും പൗരത്വ നിയമവും വരുന്നു, ആറു മാസത്തിനകം മുസ്‌ലിംകള്‍ രാജ്യം വിടേണ്ടി വരുമെന്നാണ് പറഞ്ഞിരുന്നത്. ഒരു മുസ് ലിമെങ്കിലും രാജ്യം വിട്ടുവോ?' മന്ത്രി ചോദിച്ചു. കര്‍ഷകരുടെ സമരത്തിനു പിന്നിലും മറ്റു രാജ്യങ്ങളുടെ ഗൂഢാലോചനയാണെന്ന് അദ്ദേഹം ആരോപിച്ചു.
കര്‍ഷക സമരത്തിലേക്ക് ചൈനയേയും പാക്കിസ്ഥാനേയും വലിച്ചിഴക്കുന്ന മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ ശിവസേന രംഗത്തെത്തി. മഹാരാഷ്ട്രയില്‍ അധികാരം നഷ്ടപ്പെട്ടതോടെ ബിജെപി നേതാക്കള്‍ക്ക് സ്വബോധം ഇല്ലാതായിരിക്കുകയാണെന്നും എന്താണ് പറയുന്നതെന്ന് അവര്‍ക്കു പോലും അറിയില്ലെന്നും ശിവ സേന വക്താവും മുന്‍ കേന്ദ്ര മന്ത്രിയുമായ അരവിന്ദ് സാവന്ത് പറഞ്ഞു.