Sorry, you need to enable JavaScript to visit this website.

വെൽഫെയർ ബന്ധവും മുസ്‌ലിം വോട്ടുകളും

മലപ്പുറം പോര്‌

പ്രാദേശിക തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ തന്ത്രങ്ങൾ വേറിട്ടതാണ്. പാർലമെന്റ്, നിയമസഭാ തെരഞ്ഞെടുപ്പുകളുമായി അതിന് ബന്ധമുണ്ടാകാറില്ല. ആ രണ്ടു തെരഞ്ഞെടുപ്പുകളിലും പാർട്ടികൾ പ്രാധാന്യം നൽകുന്നത് സംഘടനാ ശക്തിക്കും രാഷ്ട്രീയ നയങ്ങൾക്കുമാണ്. പ്രാദേശിക തെരഞ്ഞെടുപ്പെത്തുമ്പോൾ ശൈലി മാറും. നാടിന്റെ താഴെ തട്ടിലുള്ള പഞ്ചായത്ത് വാർഡുകളിൽ ജനസ്വാധീനമാണ് വിജയത്തിന്റെ അടിസ്ഥാനം. മതം, കുടുംബ മഹിമ, സാമൂഹിക സേവനം തുടങ്ങിയ പല ഘടകങ്ങളും അവിടെ വിജയത്തിന്റെ അളവുകോലുകളാണ്. ഒരു തറവാട്ടുകാർ വോട്ട് ചെയ്താൽ വിജയിക്കുന്ന സ്ഥാനാർഥികൾ പല വാർഡുകളിലുമുണ്ടാകും. പാർട്ടികൾക്ക് അവിടെ കാര്യമായ സ്വാധീനം ചെലുത്താനാകില്ല. ഇത്തരം ഘടകങ്ങൾ നിർണായകമായി വരുമ്പോഴാണ് ഒരോ സീറ്റിനും പാകമാകുന്ന തരത്തിൽ മുന്നണികൾ നീക്കുപോക്കുകൾക്ക് മുന്നോട്ടു വരുന്നത്.


ഇത്തവണ മലപ്പുറം ജില്ലയിലെ പ്രധാന തെരഞ്ഞെടുപ്പ് ചർച്ച യു.ഡി.എഫ്-വെൽഫെയർ പാർട്ടി ബന്ധമാണ്. ഇതൊരു സഖ്യമല്ലെന്നാണ് ഇരു വിഭാഗവും പരസ്യമായി പറഞ്ഞു കൊണ്ടിരിക്കുന്നത്. ബന്ധത്തിന്റെ സ്വഭാവമെന്തെന്ന് ഇപ്പോഴും പൂർണമായി വ്യക്തമായിട്ടില്ല. എന്നാൽ ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിൽ യു.ഡി.എഫിന്റെ സീറ്റ് വിഭജനം മുതൽ വെൽഫെയർ പാർട്ടിക്ക് പരിഗണന ലഭിച്ചിട്ടുണ്ട്. ഈ ബന്ധത്തോടെ ഇടതുപക്ഷവും വെൽഫെയർ പാർട്ടിയും താൽക്കാലികമായെങ്കിലും ശത്രുതയിലായിട്ടുമുണ്ട്.


മലപ്പുറം ജില്ലയിലെ യു.ഡി.എഫ് കുത്തക തകർക്കാൻ ഇടതുമുന്നണി എല്ലാ കാലത്തും ആശ്രയിക്കുന്നത് മുസ്‌ലിം വോട്ടുകളാണ്. ലീഗ് വിരുദ്ധ മുസ്‌ലിം വോട്ടുകളുടെ ഏകീകരണം, ലീഗ് വിരുദ്ധ മുസ്‌ലിം സംഘടനകളുമായുള്ള തെരഞ്ഞെടുപ്പ് ധാരണ തുടങ്ങിയവയാണ് ഇടതുമുന്നണി മലപ്പുറം ജില്ലയിൽ പ്രത്യേകമായി സ്വീകരിച്ചു പോരുന്ന അടവുനയങ്ങൾ. ഇത്തവണ ഇത്തരമൊരു നയം രൂപപ്പെടുത്താൻ ഇടതുമുന്നണിക്ക് യു.ഡി.എഫ് സമയം അനുവദിച്ചില്ല. അതിനു മുമ്പെ വെൽഫെയർ പാർട്ടിയുമായി തന്ത്രപരമായൊരു സഖ്യത്തിലേർപ്പെടാൻ യു.ഡി.എഫ് നേതാക്കൾ രംഗത്തെത്തി. വെൽഫെയർ പാർട്ടിക്ക് സ്വന്തം നിലക്ക് സീറ്റുകൾ നേടാൻ ഭൂരിഭാഗം പഞ്ചായത്ത് വാർഡുകളിലും കഴിയില്ലെങ്കിലും പത്തിലേറെ പഞ്ചായത്തുകളിൽ ആര് ഭരിക്കണമെന്ന് തീരുമാനിക്കാൻ അവർക്ക് ശക്തിയുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അവർ ജനകീയ മുന്നണികൾക്ക് നേതൃത്വം നൽകി ഈ സ്വാധീനം തെളിയിച്ചപ്പോൾ അത് ഇടതുമുന്നണിക്ക് നേട്ടമുണ്ടാക്കുകയും മുസ്‌ലിം ലീഗിന് തിരിച്ചടിയാകുകയും ചെയ്തു. കോൺഗ്രസ്, സി.പി.എം തുടങ്ങിയ എതിർചേരികളിൽ നിൽക്കുന്ന പാർട്ടികളുമായി ചേർന്ന് ജനകീയ മുന്നണിയുണ്ടാക്കാൻ വെൽഫെയറിനായിരുന്നു. അന്നത്തെ ദുരനുഭവങ്ങളാണ് വെൽഫെയർ പാർട്ടിയുമായി നേരത്തെ തന്നെ ബന്ധമുണ്ടാക്കാൻ യു.ഡി.എഫ് മുന്നിട്ടിറങ്ങാൻ കാരണമായത്.

 

ഇത്തരമൊരു ബന്ധത്തിന്റെ ആവശ്യം കോൺഗ്രസിനേക്കാൾ മുസ്‌ലിം ലീഗിനാണ്. അതേസമയം, മുസ്‌ലിം ലീഗിന് മാത്രമായി വെൽഫെയറുമായി ധാരണയുണ്ടാക്കാനാകില്ല. പാർട്ടിക്കുള്ളിൽ തന്നെ ഇത് വിമർശനത്തിനിടയാക്കും. കോൺഗ്രസ് നേതാവ് എം.എം.ഹസനെ കൂടി രംഗത്തിറക്കി മുസ്‌ലിം ലീഗ് വെൽഫെയർ പാർട്ടിയുമായി സഹകരണ ചർച്ചക്ക് മുന്നോട്ടു വന്നത് ഈ രാഷ്ട്രീയ പശ്ചാത്തലത്തിലാണ്.


യു.ഡി.എഫ്-വെൽഫെയർ ബന്ധത്തിന്റെ അടിസ്ഥാനം മുസ്‌ലിം വോട്ടുകളാണ്. പൗരത്വ പ്രക്ഷോഭ സമരങ്ങളിൽ വെൽഫെയർ പാർട്ടി നടത്തിയ മുന്നേറ്റം മുസ്‌ലിംകൾക്കിടയിൽ സംഘടനയുടെ ജനപ്രീതി വർധിക്കാൻ കാരണമായിരുന്നു. പൗരത്വ പ്രശ്‌നത്തിൽ ഇടതുപക്ഷത്തിന് സമാന്തരമായ സമരങ്ങളാണ് വെൽഫെയർ സംഘടിപ്പിച്ചത്. യു.ഡി.എഫ് ആകട്ടെ, കാഴ്ചക്കാരായി നിൽക്കുകയും ചെയ്തു. തെരഞ്ഞെടുപ്പിൽ ഇത് വെൽഫെയറിന് സഹായകമാകുമെന്ന നിരീക്ഷണവും യു.ഡി.എഫിനെ അവരുമായി ചർച്ച നടത്താൻ പ്രേരകമായ ഘടകമാണ്. 


വെൽഫെയറുമായുള്ള യു.ഡി.എഫ് ബന്ധത്തിൽ ഇതര മുസ്‌ലിം സംഘടനകൾ എങ്ങനെ പ്രതികരിക്കുമെന്നതും ഇരുമുന്നണികളും ഉറ്റുനോക്കുന്നുണ്ട്. സുന്നി വിഭാഗങ്ങൾ, മുജാഹിദ് വിഭാഗങ്ങൾ എന്നിവയുടെ നിലപാടുകളും തെരഞ്ഞെടുപ്പിൽ നിർണായകമാണ്. മുസ്‌ലിം ലീഗിനൊപ്പം നിൽക്കുന്ന ഇ.കെ സുന്നി വിഭാഗത്തിന് വെൽഫെയർ ബന്ധത്തിൽ എതിർപ്പുകളുണ്ടെങ്കിലും അത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ലെന്നാണ് മുസ്‌ലിം ലീഗിന്റെ കണക്കു കൂട്ടൽ. വെൽഫെയർ പാർട്ടി ഇടതുപക്ഷവുമായി ചേർന്ന് മുസ്‌ലിം ലീഗിന്റെ സീറ്റുകൾ പിടിച്ചെടുക്കുന്നത് ഒഴിവാക്കാൻ ഈ ബന്ധം സഹായിക്കുമെന്ന വിശദീകരണമാണ് ഇ.കെ വിഭാഗത്തിന് മുസ്‌ലിം ലീഗ് നേതൃത്വം നൽകിയിട്ടുള്ളത്. അതേസമയം, ഇ.കെ സുന്നി വിഭാഗത്തിലും മുസ്‌ലിം ലീഗിലും ജമാഅത്തെ ഇസ്‌ലാമിയുമായി സഹകരിക്കുന്നതിനെ എതിർക്കുന്നവർ ഇപ്പോഴുമുണ്ട്. എന്നാൽ യു.ഡി.എഫിന്റെ സാധ്യതകൾ തകർക്കുന്ന തരത്തിൽ ഇത് പരസ്യമായി പ്രകടിപ്പിക്കുന്നില്ലെന്ന് മാത്രം. രാഷ്ട്രീയ കാര്യങ്ങളിൽ മുമ്പത്തെ പോലെ പരസ്യമായ നിലപാടുകൾ വേണ്ടെന്ന നിലപാടാണ് ഇപ്പോൾ ഇ.കെ വിഭാഗവും സ്വീകരിച്ചു വരുന്നത്. മുസ്‌ലിം ലീഗിലെ റിബൽ സ്ഥാനാർഥികൾക്കെതിരെ സമസ്ത പ്രസിഡന്റിന്റെ പരാമർശം മുസ്‌ലിം ലീഗിന്റെ മുഖപത്രം വാർത്തയാക്കിയപ്പോൾ അതിനെതിരെ സമസ്ത രംഗത്തു വന്നിരുന്നു. ഇത് മുസ്‌ലിംലീഗ്-സമസ്ത ബന്ധം ഉലയുന്നതിന്റെ തെളിവാണെന്നും ഇടതുപക്ഷം പ്രചരിപ്പിച്ചിരുന്നു.

എ.പി സുന്നി പ്രവർത്തകരാകട്ടെ ഇടതുമുന്നണിയോടു അടുപ്പമുള്ളവരാണ്. ഇക്കാര്യം സംഘടനാ നേതൃത്വം പരസ്യമായി പറയാറില്ലെങ്കിലും പ്രാദേശിക തലത്തിൽ അവരുടെ ലീഗ് വിരുദ്ധ നിലപാട് പരസ്യമാണ്. വെൽഫെയർ പാർട്ടി യു.ഡി.എഫിനുമായി സഹകരിക്കുന്നത് എ.പി വിഭാഗത്തിന്റെ യു.ഡി.എഫിനോടുള്ള ശത്രുത വർധിപ്പിക്കാൻ ഇടയാക്കും.
മുസ്‌ലിം അനുഭാവ സംഘടനകളിൽ എസ്.ഡി.പി.ഐക്കാണ് ഇത്തവണ രാഷ്ട്രീയ ചർച്ചകളിൽ ഇടം കിട്ടാതെ പോകുന്നത്. ഇരുമുന്നണികളും അവരുമായി ചർച്ചകൾക്ക് മുതിരാതിരുന്നത് തന്നെ കാരണം. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കൊണ്ടോട്ടിയിൽ വെച്ച് എസ്. ഡി.പി.ഐ നേതാക്കളും മുസ്‌ലിം ലീഗ് നേതാക്കളും തമ്മിൽ നടന്ന രഹസ്യ ചർച്ച പിന്നീട് പരസ്യമായിരുന്നു. ഇത് മുസ്‌ലിം ലീഗിനെയും യു.ഡി.എഫിനെയും പ്രതിരോധത്തിലാക്കിയിരുന്നു. വെൽഫെയർ പാർട്ടിയുമായുള്ള ബന്ധം മലപ്പുറം ജില്ലയിൽ യു.ഡി.എഫിന് രാഷ്ട്രീയമായി ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. അതേസമയം, തീവ്രവാദ സ്വഭാവം ആരോപിക്കപ്പെടുന്ന ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ പാർട്ടിയുമായി ബന്ധമുണ്ടാക്കിയതിന്റെ പേരിൽ വരും നാളുകളിൽ യു.ഡി.എഫിന് വിമർശങ്ങളേറെ നേരിടേണ്ടി വരും.

ഈ ബന്ധം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും ഉണ്ടാകുമോ എന്നത് അത്തരം വിമർശനങ്ങളെ കൂടി ആശ്രയിച്ചിരിക്കും. വെൽഫെയറിനാകട്ടെ, പുതിയതൊരു മേൽവിലാസം കേരള രാഷ്ട്രീയത്തിൽ നേടാൻ ഇത് സഹായിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പല പഞ്ചായത്തുകളിലും ഇടതു പാർട്ടികളുമായി അവർ സഹകരിച്ചിരുന്നെങ്കിലും അതൊരു രാഷ്ട്രീയ ബന്ധമായി അംഗീകരിക്കാൻ ഇടതു നേതാക്കൾ തയാറായിരുന്നില്ല. യു.ഡി.എഫിന്റെ ബാനറിന് കീഴിൽ വെൽഫെയർ പാർട്ടിക്ക് ലഭിക്കുന്നത് പുതിയൊരു രാഷ്ട്രീയ അവസരമാണ്. പാർട്ടി അംഗങ്ങളുടെയും അനുഭാവികളുടെയും എണ്ണം വർധിപ്പിക്കാൻ ഇത് സഹായിച്ചേക്കാം. എന്നാൽ നയപരമായ എതിർപ്പുകളുടെ പേരിൽ നാളെ യു.ഡി.എഫ് കൈയൊഴിഞ്ഞാൽ അത് വെൽഫെയറിനെ ക്ഷീണിപ്പിക്കുകയും ചെയ്യും.     

Latest News