Sorry, you need to enable JavaScript to visit this website.

സൗദി, റഷ്യൻ നിക്ഷേപകർക്ക് ദീർഘകാല വിസക്ക് നീക്കം

നിയോം സിറ്റിയിൽ റഷ്യൻ കമ്പനികൾ നിക്ഷേപിക്കും 
റിയാദ് - സൗദി, റഷ്യൻ നിക്ഷേപകർക്ക് ഇരു രാജ്യങ്ങളിലും ദീർഘകാല വിസ അനുവദിക്കുന്നതിനെ കുറിച്ച് രണ്ടു രാജ്യങ്ങളിലെയും വിദേശ മന്ത്രാലയങ്ങൾ ചർച്ചകൾ നടത്തുന്നതായി റിയാദ് റഷ്യൻ അംബാസഡർ സെർജി കൊസ്‌ലോവ് വെളിപ്പെടുത്തി. ഇക്കാര്യത്തിൽ വൈകാതെ ഇരു രാജ്യങ്ങളും ധാരണയിലെത്തും. ഇതോടെ നിക്ഷേപകർക്കുള്ള വിസ എളുപ്പമാകുമെന്ന് അദ്ദേഹം പറഞ്ഞു.
സൗദി അറേബ്യക്കും റഷ്യക്കുമിടയിൽ പണം അയക്കുന്നതിന് നേരിടുന്ന പ്രതിബന്ധങ്ങൾക്ക് വേഗത്തിൽ പരിഹാരമുണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് റഷ്യൻ ഊർജ മന്ത്രി അലക്‌സാണ്ടർ നൊവാക് പറഞ്ഞു. ഈ പ്രശ്‌നം പരിഹരിക്കുന്നതിന് ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. പണമയക്കൽ എളുപ്പമാകുന്നത് ഉഭയകക്ഷി വ്യാപാരം വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. റഷ്യയുമായുള്ള വ്യാപാരത്തിന് നേരിടുന്ന പ്രതിബന്ധങ്ങൾ സൗദി-റഷ്യ ജോയിന്റ് ബിസിനസ് കൗൺസിൽ യോഗത്തിൽ സൗദി വ്യവസായികൾ ഉന്നയിച്ചു. നിലവിൽ മൂന്നാമതൊരു രാജ്യം വഴി റഷ്യയിലേക്ക് പണമയക്കുന്നതിന് നിർബന്ധിതരാവുകയാണെന്ന് സൗദി വ്യവസായികൾ പരാതിപ്പെട്ടു. 
അര ലക്ഷം കോടി ഡോളർ നിക്ഷേപത്തോടെ സൗദി അറേബ്യ നടപ്പാക്കുന്ന നിയോം മെഗാസിറ്റി പദ്ധതിയിൽ നിക്ഷേപിക്കുന്നതിന് റഷ്യൻ കമ്പനികൾ ആഗ്രഹിക്കുന്നതായി അലക്‌സാണ്ടർ നൊവാക് പറഞ്ഞു. സൗരോർജം, ആരോഗ്യ പരിചരണം, വിദ്യാഭ്യാസം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, തുറമുഖങ്ങളിലെ പശ്ചാത്തല സൗകര്യം അടക്കം സൗദിയിൽ വ്യത്യസ്ത മേഖലകളിൽ നിക്ഷേപം നടത്തുന്നതിന് റഷ്യൻ കമ്പനികൾക്ക് താൽപര്യമുണ്ട്. ഊർജ മേഖലയിൽ ഉഭയകക്ഷി നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് റഷ്യയും സൗദി ഊർജ മന്ത്രാലയവും ശ്രമിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. 

Latest News