Sorry, you need to enable JavaScript to visit this website.

അറുപത്തിയൊന്നാം വയസ്സിൽ അബ്ദുൽ കരീമിന് കന്നി വോട്ട്

61 ാം വയസ്സിൽ കന്നിവോട്ട് ചെയ്യാനൊരുങ്ങുന്ന അബ്ദുൽ കരീമിന് സ്ഥാനാർഥിയായ സഹോദരന്റെ മരുമകൾ ഷംല നജീബ് വോട്ടിങ്  യന്ത്രവും വോട്ട് ചെയ്യുന്ന രീതിയും പരിചയപ്പെടുത്തുന്നു. 

നെടുമ്പാശ്ശേരി- അറുപത്തിയൊന്ന് വയസ്സായെങ്കിലും അബ്ദുൽ കരീമിന് ഇത് കന്നി വോട്ടാണ്. സ്വന്തം കുടുംബത്തിൽ നിന്നുള്ള സ്ഥാനാർഥിക്കാണ് അബ്ദുൽ കരീം വോട്ട് ചെയ്യുന്നത്. അതിനാൽ ഇരട്ടി ആഹഌദത്തിലുമാണ്. പഴയകാല കോൺഗ്രസ് പ്രവർത്തകനായ ചെങ്ങമനാട് പഞ്ചായത്ത് നാലാം വാർഡ് പനയക്കടവ് കക്കൂഴിപ്പറമ്പിൽ കെ.ബി.അബ്ദുൽ കരീം നാല് പതിറ്റാണ്ടായി സൗദിയിലാണ് ജോലി ചെയ്യുന്നത്. പലപ്പോഴും നാട്ടിൽ വന്നിട്ടുണ്ടെങ്കിലും അന്നൊന്നും വോട്ട് ചെയ്യാൻ സാധിച്ചില്ല. 18 ാം വയസ്സിൽ അബ്ദുൽ കരീം പാർട്ടിയുടെ മണ്ഡലം ട്രഷററായിരുന്നു.


അന്ന് പശുവും കിടാവും ചിഹ്നത്തിൽ മത്സരിച്ച കോൺഗ്രസ് സ്ഥാനാർഥി എ.ആർ.നാരായണന് വോട്ട് ചെയ്യണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും വോട്ട് ചെയ്യാനുള്ള പ്രായം 21 വയസ്സായിരുന്നതിനാൽ അന്ന് വോട്ട് ചെയ്യാൻ സാധിച്ചില്ല. പിന്നീട് നീണ്ട നാല് പതിറ്റാണ്ടു കാലം പ്രവാസി ജീവിതത്തിനിടയിൽ പല തവണ നാട്ടിൽ വന്നു പോയെങ്കിലും ഒരിക്കൽ പോലും വോട്ട് ചെയ്യാനായില്ല. അടുത്തിടെയാണ് പ്രവാസി ജീവിതം അവസാനിപ്പിച്ച് നാട്ടിലത്തെിയത്. ഇത്തവണ വോട്ട് ചെയ്യണമെന്ന മോഹവുമായി നടപടി പൂർത്തിയാക്കി വന്നപ്പോൾ വാർഡിൽ നിന്ന് കൈ അടയാളത്തിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കാൻ ഭാഗ്യം ലഭിച്ചത് സജീവ കോൺഗ്രസ് പ്രവർത്തകനായിരുന്ന പരേതനായ സഹോദരൻ മുഹമ്മദിന്റെ മകന്റെ ഭാര്യ ഷംല നജീബിനാണ്. അതോടെ  സ്വന്തം പാർട്ടിക്കും കുടുംബാംഗത്തിനും കന്നി വോട്ട് ചെയ്യാൻ സാധിച്ചതിലുള്ള ആഹഌദമാണ് അബ്ദുൽ കരീം പങ്കുവെക്കുന്നത്. 

Latest News