ന്യൂദൽഹി- രാജ്യത്തെ അന്നദാതാക്കളുടെ ആവശ്യങ്ങൾ പരിഗണിക്കമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികൾ രാഷ്ട്രപതിക്കു നിവേദനം നൽകി. ജനാധിപത്യ വിരുദ്ധമായി പാർലമെന്റിൽ പാസാക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്ര സർക്കാരിനോട് നിർദേശിക്കണമെന്നും ഇരുപതിലേറെ പ്രതിപക്ഷ പാർട്ടികൾ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, സിപിഎം ജനറൽ സെക്രട്ടറി സീതാ റാം യെച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ, ഡിഎംകെ നേതാവ് ഇളങ്കോവൻ, എൻസിപി നേതാവ് ശരദ് പവാർ എന്നിവരാണ് രാഷ്ട്രപതിയെ കണ്ടു നിവേദനം നൽകിയത്. കോൺഗ്രസ്, ഇടത് നേതാക്കളോട് ഉടക്കി തൃണമൂൽ കോൺഗ്രസ് വിട്ടു നിന്നു.
കാർഷിക നിയമങ്ങൾ പിൻവലിക്കേണ്ടത് അനിവാര്യമാണെന്ന് രാഷ്ട്രപതിയെ കണ്ട് ആവശ്യപ്പെട്ടെന്ന് രാഹുൽ ഗാന്ധി കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു. നിയമങ്ങൾ കർഷകർക്ക് അനുകൂലമാണെന്നാണ് സർക്കാർ പറയുന്നത്. പിന്നെന്തിനാണ് കർഷകർ സമരവുമായി റോഡിലിറങ്ങിയിരിക്കുന്നത്. പ്രധാനമന്ത്രി തന്റെ സുഹൃത്തുക്കൾക്ക് വേണ്ടി മാത്രമാണ് പ്രവർത്തിക്കുന്നത്. കർഷകരുടെ ശക്തിക്കു മുന്നിൽ ആർക്കും പിടിച്ചു നിൽക്കാനാകില്ലെന്നും രാഹുൽ പറഞ്ഞു.
കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുക എന്നത് സർക്കാരിന്റെ കടമയും ഉത്തരവാദിത്തവും ആണെന്ന് ശരദ് പവാർ പറഞ്ഞു. കാർഷിക നിയമങ്ങളും വൈദ്യതി നിയമ ഭേദഗതി ബില്ലും അടിയന്തരമായി പിൻവലിക്കണമെന്ന് സിപിഎം നേതാവ് സീതാറാം യെച്ചൂരിയും ആവശ്യപ്പെട്ടു.