ന്യൂദല്‍ഹി- വിവാദ കാര്‍ഷിക നിയമങ്ങള്‍ ഭേദഗതി ചെയ്യാമെന്ന കേന്ദ്ര സര്‍ക്കാരിന്റെ രേഖാമൂലമുള്ള ഉറപ്പ് ഈ നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭം നയിക്കുന്ന കര്‍ഷകര്‍ ഒറ്റക്കെട്ടായി തള്ളിക്കളഞ്ഞു. നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യം പരിഗണിക്കാത്ത പശ്ചാത്തലത്തില്‍ പ്രക്ഷോഭം ശക്തിപ്പെടുത്താനും കൂടുതല്‍ പ്രതിഷേധ പരിപാടികള്‍ക്കും ഒരുങ്ങുകയാണെന്ന് കര്‍ഷകര്‍ മുന്നറിയിപ്പു നല്‍കി. ഡിസംബര്‍ 14 തിങ്കളാഴ്ച രാജ്യവ്യാപക പതിഷേധത്തിന് കര്‍ഷക നേതാക്കള്‍ ആഹ്വാനം ചെയ്തു. ദല്‍ഹി-ജോധ്പൂര്‍ ഹൈവെ തടയും, റിലയന്‍സ് മാളുകള്‍ ബഹിഷ്‌ക്കരിക്കും, ടോള്‍ പ്ലാസകള്‍ കയ്യേറുമെന്നും കര്‍ഷക നേതാക്കള്‍ അറിയിച്ചു. നിയമ ഭേദഗതി സംബന്ധിച്ച് സര്‍ക്കാര്‍ നല്‍കിയ രേഖാമൂലമുള്ള ഉറപ്പ് ചര്‍ച്ച ചെയ്യാന്‍ ഇന്നു ചേര്‍ന്ന കര്‍ഷക നേതാക്കളുടെ യോഗത്തിലാണ് തീരുമാനം.
തര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഉറപ്പുകള്‍ 13 കര്‍ഷക സംഘടനകള്‍ക്കാണ് അയച്ചിരുന്നത്. മിനിമം താങ്ങുവില നിരസിച്ചാല്‍ കോടതിയെ സമീപിക്കാം, ഇലക്ട്രിസിറ്റി ഭേദഗതി ബില്‍ റദ്ദാക്കാം, കര്‍ഷകരുടെ ആശങ്കകളെല്ലാം പരിഹരിക്കാം തുടങ്ങിയ ഉറപ്പുകളാണ് പുതുതായി കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരുന്നത്. എന്നാല്‍ ഇതു കര്‍ഷകര്‍ തള്ളിയിരിക്കുകയാണ്.