Sorry, you need to enable JavaScript to visit this website.

രാജസ്ഥാന്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി മുന്നില്‍

ജയ്പൂര്‍-  കോണ്‍ഗ്രസ് ഭരിക്കുന്ന രാജ്സ്ഥാനില്‍ 21 ജില്ലകളിലെ പഞ്ചായത്ത് സമിതികളിലേക്കും ജില്ലാ പരിഷത്തിലേക്കും നടന്ന തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷമായ ബിജെപി മുന്നേറുന്നു. ബുധനാഴ്ച രാവിലെ വരെ ഫലം പ്രഖ്യാപിച്ച 4,051 പഞ്ചായത്ത് സമിതി സീറ്റുകളില്‍ ബിജെപിക്ക് 1836 സീറ്റു ലഭിച്ചു. കോണ്‍ഗ്രസിന് 1718 ഉം സ്വതന്ത്രര്‍ക്ക് 422 സീറ്റും ലഭിച്ചു. ഹനുമാന്‍ ബെനിവാളിന്റെ രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടി 56, സിപിഎം 16, ബിഎസ്പി മൂന്ന് എന്നിങ്ങനെയാണ് മറ്റു കക്ഷി നില. ആകെ 4371 സീറ്റുകളിലാണ് തെരഞ്ഞെടുപ്പു നടന്നത്. ബാക്കിയുള്ള സീറ്റുകളില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. 

636 ജില്ലാ പരിഷത്ത് സീറ്റുകളില്‍ ഫലം പ്രഖ്യാപനം ഏതാണ്ട് പൂര്‍ത്തിയായി. ബിജെപി 326 സീറ്റുകളും കോണ്‍ഗ്രസ് 250 സീറ്റുകളും നേടി. ആര്‍എല്‍പി 10, സിപിഎം രണ്ട് എന്നിങ്ങനേയാണ് മറ്റു കക്ഷികളുടെ നില. 30 സീറ്റുകളിലെ ഫലം വരാനുണ്ട്. 

ഈ ഫലം മുഖ്യമന്ത്രി അശോക് ഘെലോട്ടിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടു എന്നാണ് തെളിയിക്കുന്നതെന്ന് സംസ്ഥാന ബിജെപി അധ്യക്ഷന്‍ സതീഷ് പൂനിയ പറഞ്ഞു. ഗ്രാമീണ മേഖലകളിലെ ജനങ്ങള്‍ ബിജെപിയിലാണ് വിശ്വാസമര്‍പ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

Latest News