Sorry, you need to enable JavaScript to visit this website.

അമിത് ഷാ നടത്തിയ ചർച്ച പരാജയം, കാര്‍ഷിക പ്രക്ഷോഭം തുടരും

ന്യൂദൽഹി- കേന്ദ്ര സർക്കാറിനെ മുൾമുനയിലാക്കിയ കാർഷിക സമരം ഒത്തുതീർപ്പാക്കാനുള്ള ശ്രമം പാളി. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യത്തിൽ കർഷകർ ഉറച്ചുനിന്നതോടെ അമിത് ഷാ നടത്തിയ ചർച്ച പരാജയപ്പെട്ടു. ഇതോടെ ബുധനാഴ്ച കേന്ദ്രവുമായി നടത്താൻ നിശ്ചയിച്ചിരുന്ന ചർച്ചയിൽനിന്നും കർഷകർ പിൻമാറി. നിയമങ്ങൾ പിൻവലിക്കില്ലെന്നും ചില ഉറപ്പുകൾ എഴുതിനൽകാമെന്നുമായിരുന്നു അമിത് ഷായുടെ വാഗ്ദാനം. എന്നാൽ നിയമം പിൻവലിക്കാതെ സമരത്തിൽനിന്ന് പിന്നോട്ടില്ലെന്ന് കർഷകർ വ്യക്തമാക്കി. കർഷക സംഘടനകളെ ഭിന്നിപ്പിച്ച് സമരം പരാജയപ്പെടുത്താനാകുമെന്ന അമിത്ഷായുടെ നീക്കത്തിനും ഇതോടെ തിരിച്ചടിയായി. 
കർഷകർ രാജ്യവ്യാപകമായി പ്രഖ്യാപിച്ചു നടത്തിയ ഭാരത് ബന്ദിന് പിന്നാലെയാണ് കർഷക നേതാക്കളുമായി കൂടിക്കാഴ്ച നടത്താൻ അമിത് ഷാ രംഗത്തെത്തിയത്. ഭാരത് ബന്ദിന്റെ വിജയമാണ് അമിത് ഷാ കൂടിക്കാഴ്ചയ്ക്കു ക്ഷണിച്ചതെന്ന് ഭാരതീയ കിസാൻ യൂനിയൻ നേതാവ് ഗുർണാം സിംഗ് ചധൂനി പറഞ്ഞു. കാർഷിക നിയമങ്ങൾ പിൻവലിക്കുന്നുണ്ടോ ഇല്ലയോ എന്നതല്ലാതെ മറ്റൊന്നും സർക്കാരിൽനിന്നു കേൾക്കാനില്ലെന്നാണ് കർഷക നേതാവ് രുൾഡു സിംഗ് മാൻസ അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി വ്യക്തമാക്കിയിരുന്നു. നാളെ രാവിലെ കേന്ദ്ര മന്ത്രിസഭ യോഗവും ചേരുന്നുണ്ട്.
കർഷക നേതാക്കളുമായുള്ള യോഗത്തിന് തൊട്ടു മുൻപായി അമിത് ഷാ ദൽഹി പോലീസ് കമ്മീഷണറുമായി കൂടിക്കാഴ്ച നടത്തി. കർഷകരുമായുള്ള അമിത് ഷായുടെ യോഗം ആദ്യം ആഭ്യന്തര മന്ത്രിയുടെ വസതിയിൽ ചേരും എന്നാണ് അറിയിച്ചിരുന്നത്. എങ്കിലും പിന്നീട് പൂസ ഇൻസ്റ്റിറ്റിയൂട്ടിലേക്ക് മാറ്റി. യോഗം രാത്രി വൈകിയാണ് ചേർന്നത്.
പ്രക്ഷോഭത്തിൽ വിട്ടുവീഴ്ചയില്ലാത്ത വിധം കർഷകർ മുന്നോട്ടു നീങ്ങുമ്പോൾ കർഷക സംഘടനകൾക്കിടയിൽ ഭിന്നത ഉണ്ടാക്കാനുള്ള നീക്കമായും അമിത് ഷായുടെ ചർച്ചയെ ഒരു വിഭാഗം കർഷക നേതാക്കൾ വിമർശിച്ചു. നാൽപതോളം വരുന്ന കർഷക സംഘടനാ പ്രതിനിധികളാണ് കേന്ദ്ര സർക്കാരുമായി ഇതുവരെ നടന്ന ചർച്ചകളിൽ പങ്കെടുത്തിരുന്നത്. എന്നാൽ ഇതിൽ പതിമൂന്ന് നേതാക്കളെ മാത്രമാണ് അമിത് ഷായുമായി കൂടിക്കാഴ്ചക്ക് ക്ഷണിച്ചിരുന്നത്. 
അതേസമയം, കർഷകരോടുള്ള ബഹുമാനം പ്രകടിപ്പിക്കാനുള്ള നരേന്ദ്ര മോഡി സർക്കാരിന്റെ അവസാന അവസരമെന്നായിരുന്നു നാളെ നടക്കാനിരുുന്ന ചർച്ചയെ കിസാൻ കോർഡിനേഷൻ കമ്മിറ്റി അംഗം കവിത കുരുഗന്തി വിശേഷിപ്പിച്ചത്.  
കർഷക പ്രക്ഷോഭം രൂക്ഷമാകുന്നതിനിടെ പ്രതിപക്ഷ നേതാക്കൾ നാളെ രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ കാണും. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, എൻ.സി.പി നേതാവ് ശരത് പവാർ, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ, ഡി.എം.കെ നേതാവ് ടി.കെ.എസ് ഇളങ്കോവൻ എന്നിവർ ഉൾപ്പെടെയാണ് ഇന്നു രാഷ്ട്രപതിയെ കാണുന്നത്. രാഷ്ട്രപതിയെ കാണാൻ അനുമതി ലഭിച്ചതായി എൻ.സി.പി നേതാവ് ശരത് പവാർ അറിയിച്ചു. കർഷക സമരത്തിന്റെ ഭാവി ആലോചിക്കാനായി 24 പ്രതിപക്ഷ പാർട്ടി നേതാക്കൾ കൂടിയാലോചിക്കും. തുടർന്ന് രാഷ്ട്രപതിക്ക് കൂട്ടായ നിവേദനം സമർപ്പിക്കുമെന്നും ശരത് പവാർ പറഞ്ഞു. 

 

Latest News