ന്യൂദല്‍ഹി- പഞ്ചാബിലേയും ഹരിയാനയിലേയും കര്‍ഷകരുടെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ നടന്നു വരുന്ന പ്രക്ഷോഭം കൂടുതല്‍ ശക്തമായതോടെ കേന്ദ്ര സര്‍ക്കാരിനെ അനുകൂലിച്ച് ഹരിയാനയിലെ ഒരു കര്‍ഷക സംഘടന രംഗത്തെത്തി. 116 കാര്‍ഷിക സംരഭകരുടെ കൂട്ടായ്മയായ ഹര്‍ കിസാന്‍ എന്ന സംഘടനാ പ്രതിനിധികള്‍ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറുമായി ചര്‍ച്ച നടത്തി. വിവാദ കാര്‍ഷിക നിയമം പിന്‍വലിക്കേണ്ടതില്ലെന്നും ഭേദഗതി ചെയ്താല്‍ മതിയെന്നുമാണ് ഇവരുടെ നിലപാട്. നിയമം പിന്‍വലിക്കരുതെന്ന് ഇവര്‍ മന്ത്രിയോട് ആവശ്യപ്പെട്ടു. മാസങ്ങളായി നടന്നു വരുന്ന കര്‍ഷക സമരത്തിനിടെ ആദ്യമായാണ് സര്‍ക്കാരിനെ അനുകൂലിച്ച ഒരു വിഭാഗം കര്‍ഷകര്‍ രംഗത്തു വരുന്നത്.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് നിലപാടില്‍ കേന്ദ്രം ഉറച്ചു നിന്നതോടെ സമരം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ന് രാജ്യത്തുടനീളം കര്‍ഷകര്‍ ഭാരത് ബന്ദ് നടത്തി വരികയാണ്. ഇതിനിടെ പൊടുന്നനെ ഒരു കര്‍ഷക സംഘടന മറ്റൊരു നിലപാടുമായി രംഗത്തുവന്നത് സംശയങ്ങള്‍ക്കിടയാക്കി. കൂടുതല്‍ പ്രതിനിധികളെ പങ്കെടുപ്പിച്ച് കൃഷി മന്ത്രിയുമായി മറ്റൊരു കൂടിക്കാഴ്ചയ്ക്കു കുടി ഇവര്‍ സമയം തേടിയിട്ടുണ്ട്.
കര്‍ഷകര്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. പ്രക്ഷോഭം നയിക്കുന്ന കര്‍ഷകരുടെ ആവശ്യത്തിന് സമാനമാണ് ഇവരുടേയും ആവശ്യങ്ങള്‍. എന്നാല്‍ കാര്‍ഷിക നിയമം പിന്‍വലിക്കേണ്ടെന്ന വൈരുധ്യ നിലപാടാണ് ഇവരുടേത്. മിനിമം താങ്ങുവില സംവിധാനം നിലിര്‍ത്തുക, സര്‍ക്കാര്‍ നിയന്ത്രിക്കുന്ന മണ്ഡി സംവിധാനം തുടരുക എന്നിവയാണ് ഇവരുടെ പ്രധാന ആവശ്യം. ഈ രണ്ടു സംവിധാനങ്ങള്‍ക്കും ഭീഷണിയാണെന്ന് കര്‍ഷകര്‍ ആരോപിക്കുന്ന വിവാദ നിയമങ്ങള്‍ പിന്‍വലിക്കേണ്ടെന്നും ഇവര്‍ പറയുന്നു.