മുംബൈ- ഇന്ത്യന്‍ നാവിക സേനയുടെ മിഗ്-29കെ പോര്‍വിമാനം അറബിക്കടലില്‍ തകര്‍ന്നു വീണു കാണാതായ പൈലറ്റ് കമാന്‍ഡര്‍ നിശാന്ത് സിങിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ ലഭിച്ചതായി സേന അറിയിച്ചു. നവംബര്‍ 26നായിരുന്നു അപകടം. വിമാനത്തിലുണ്ടായിരുന്ന ട്രെയ്‌നി പൈലറ്റ് രക്ഷപ്പെട്ടിരുന്നു. 11 ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് അപകടം നടന്ന പ്രദേശത്തു നിന്ന് മൃതദേഹ അവശിഷ്ടങ്ങള്‍ ലഭിച്ചത്. ഇവ കാണാതായ പൈലറ്റിന്റേതു തന്നെയെന്ന് സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചു. അപകടം നടന്ന് നാലു ദിവസത്തിനു ശേഷമാണ് മിഗ് വിമാനം തകര്‍ന്നു വീണ ഇടവും വിമാന അവശിഷ്ടങ്ങളും കണ്ടെത്തിയത്. നാവിക സേനാ കപ്പലുകളും വിമാനങ്ങളും ഉപയോഗിച്ചായിരുന്നു തിരച്ചില്‍. സേനയിലെ മുങ്ങല്‍ വിദഗ്ധര്‍ കടലിനടിയിലും തിരച്ചില്‍ നടത്തിയിരുന്നു.
ഗോവ സേനാ താവളമാണ് നാവിക സേനയുടെ 40 മിഗ് 29കെ പോര്‍ വിമാനങ്ങളുടെ കേന്ദ്രം. ഇവ ഐഎന്‍എസ് വിക്രമാദിത്യ യുദ്ധക്കപ്പലിലും ഓപറേറ്റ് ചെയ്യുന്നുണ്ട്.