Sorry, you need to enable JavaScript to visit this website.

പോയന്റ് ഓഫ് സെയിൽ വിൽപന: വളർച്ച കൂടുതൽ ജിസാനിൽ

റിയാദ് - പോയന്റ് ഓഫ് സെയിൽ ഉപകരണങ്ങൾ വഴിയുള്ള വിൽപനയിൽ പ്രധാന നഗരങ്ങളെ അപേക്ഷിച്ച് ജിസാനിലും അബഹയിലും വലിയ വളർച്ച രേഖപ്പെടുത്തിയതായി ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു. ഒക്‌ടോബർ മാസത്തിൽ പോയന്റ് ഓഫ് സെയിൽ ഉപകരണങ്ങൾ വഴിയുള്ള വിൽപനയിൽ ജിസാനിൽ 43.9 ശതമാനവും അബഹയിൽ 41.6 ശതമാനവും വളർച്ചയാണുണ്ടായത്. ഏറ്റവും കുറഞ്ഞ വളർച്ച രേഖപ്പെടുത്തിയത് മക്കയിലും റിയാദിലുമാണ്. മക്കയിൽ 14 ശതമാനവും റിയാദിൽ 25 ശതമാനവും വളർച്ച മാത്രമാണ് രേഖപ്പെടുത്തിയത്. 
കഴിഞ്ഞ ഒക്‌ടോബറിൽ പോയന്റ് ഓഫ് സെയിൽ ഉപകരണങ്ങൾ വഴി ജിസാനിൽ 40.5 കോടി റിയാലിന്റെ വിൽപനകൾ നടന്നു. 2019 ഒക്‌ടോബറിൽ ഇത് 28.1 കോടി റിയാലായിരുന്നു. അബഹയിൽ 49 കോടി റിയാലിന്റെ വിൽപനയാണ് നടന്നത്. 2019 ഒക്‌ടോബറിൽ 34.5 കോടി റിയാലായിരുന്നു. 


പോയന്റ് ഓഫ് സെയിൽ ഉപകരണങ്ങൾ വഴിയുള്ള വിൽപനയിൽ ഒക്‌ടോബറിൽ ഏറ്റവും വലിയ വളർച്ച രേഖപ്പെടുത്തിയ മൂന്നാമത്തെ നഗരം ഹായിൽ ആണ്. ഹായിലിൽ 40.53 ശതമാനം വളർച്ചയാണുണ്ടായത്. ഹായിലിൽ 55.7 കോടി റിയാലിന്റെ വിൽപന പോയന്റ് ഓഫ് സെയിൽ ഉപകരണങ്ങൾ വഴി നടന്നു. 2019 ഒക്‌ടോബറിൽ ഇത് 39.6 കോടി റിയാലായിരുന്നു. മദീനയിൽ 120 കോടി റിയാലിന്റെ ഇടപാടുകൾ നടന്നു. 2019 ഒക്‌ടോബറിൽ മദീനയിൽ പോയന്റ് ഓഫ് സെയിൽ ഉപകരണങ്ങൾ വഴി 86.8 കോടി റിയാലിന്റെ വിൽപനയാണ് നടന്നത്. ഒക്‌ടോബറിൽ മദീനയിൽ രേഖപ്പെടുത്തിയ വളർച്ച 38.31 ശതമാനമാണ്. 


തബൂക്കിൽ 60.3 കോടി റിയാലിന്റെ വിൽപന നടന്നു. കഴിഞ്ഞ വർഷം ഒക്‌ടോബറിൽ ഇത് 44.2 കോടി റിയാലായിരുന്നു. തബൂക്കിൽ രേഖപ്പെടുത്തിയ വളർച്ച 36.42 ശതമാനമാണ്. ബുറൈദയിൽ 33.86 ശതമാനം വളർച്ചയുണ്ടായി. ബുറൈദയിൽ വിൽപന 66.4 കോടി റിയാലിൽ നിന്ന് 88.9 കോടി റിയാലായി ഉയർന്നു. ദമാമിൽ 32 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. ഇവിടെ വിൽപന 145 കോടി റിയാലിൽ നിന്ന് 191 കോടി റിയാലായി ഉയർന്നു. റിയാദിൽ ഇക്കഴിഞ്ഞ ഒക്‌ടോബറിൽ 1,088 കോടി റിയാലിന്റെ വിൽപനയാണ് പോയന്റ് ഓഫ് സെയിൽ ഉപകരണങ്ങൾ വഴി നടന്നത്. കഴിഞ്ഞ വർഷം ഒക്‌ടോബറിൽ ഇത് 869.7 കോടി റിയാലായിരുന്നു. മക്കയിൽ വിൽപന 84 കോടി റിയാലിൽ നിന്ന് 95.8 കോടി റിയാലായി ഉയർന്നു. ജിദ്ദയിൽ പോയന്റ് ഓഫ് സെയിൽ ഉപകരണങ്ങൾ വഴിയുള്ള വിൽപനയിൽ 35.69 ശതമാനം വളർച്ച രേഖപ്പെടുത്തി. വിൽപന 398 കോടി റിയാലിൽ നിന്ന് 540 കോടി റിയാലായാണ് വർധിച്ചത്. 


ഒക്‌ടോബറിൽ സൗദിയിൽ പോയന്റ് ഓഫ് സെയിൽ ഉപകരണങ്ങൾ വഴിയുള്ള വിൽപനയിൽ 33.92 ശതമാനം വളർച്ച രേഖപ്പെടുത്തി. 852 കോടി റിയാലിന്റെ വർധനയാണ് വിൽപനയിലുണ്ടായത്. ഒക്‌ടോബറിൽ 3,363 കോടി റിയാലിന്റെ വിൽപനയാണ് രാജ്യത്ത് ആകെയുണ്ടായത്. 2019 ഒക്‌ടോബറിൽ ഇത് 2,511 കോടി റിയാലായിരുന്നു. ഒക്‌ടോബറിൽ ആകെ 31,35,52,990 ഇടപാടുകൾ പോയന്റ് ഓഫ് സെയിൽ ഉപകരണങ്ങൾ വഴി നടന്നു. ഇതിൽ 20,62,92,625 എണ്ണം കാർഡുകൾ ഉപയോഗിച്ചായിരുന്നു. സെപ്റ്റംബറിൽ കാർഡുകൾ ഉപയോഗിച്ച് 19,38,87,534 ഇടപാടുകളാണ് നടന്നത്. ഒക്‌ടോബറിൽ 8,15,31,234 ഇടപാടുകൾ മൊബൈൽ ഫോണുകൾ ഉപയോഗിച്ച് നടന്നു. സെപ്റ്റംബറിൽ ഇത് 7,22,12,227 ആയിരുന്നു. 


 

Latest News