കോട്ടയം - ബാർ കോഴ കേസിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കു നേരെ ഗുരുതര ആരോപണം ഉയർത്തി പാലാ രൂപതയുടെ മുഖപത്രം. രമേശ് ചെന്നിത്തലയ്‌ക്കെതിരെ ബാർ കോഴ ആരോപണം തിരിച്ചടിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ ഉപ്പു തിന്നവൻ വെള്ളം കുടിക്കും എന്ന ശീർഷകത്തിലാണ് ദീപനാളത്തിൽ ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കെ.എം. മാണിയുടെ മരണത്തിലേക്ക് പോലും നയിച്ചത് ഈ ആരോപണം ആയിരുന്നുവെന്നാണ് ലേഖനത്തിലെ വിമർശനം.
തന്നെപ്പോലെ മുതിർന്ന ഒരു രാഷ്ട്രീയ നേതാവിനെതിരേ, മന്ത്രിസഭയിലെ ഏറ്റവും മുതിർന്ന അംഗത്തിനെതിരേ, വേണ്ടത്ര ചർച്ചയും കൂടിയാലോചനയുമില്ലാതെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതിൽ കെ.എം. മാണി വളരെ അസ്വസ്ഥനായിരുന്നു. രമേശ് ത്വരിതാന്വേഷണം പ്രഖ്യാപിച്ചിരുന്നില്ലെങ്കിൽ, അതു നീട്ടിനീട്ടി കൊണ്ടുപോയിരുന്നില്ലെങ്കിൽ ബാർ കോഴക്കേസ് അത്രയ്ക്കും വഷളാകുമായിരുന്നില്ല; അദ്ദേഹത്തിന്റെ മരണം അത്രയ്ക്കു വേഗത്തിലാകുമായിരുന്നില്ല.
രമേശിനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കത്തോട് യോജിപ്പു പ്രകടിപ്പിക്കാതിരുന്നതാണ് ബാർ കോഴ വിവാദത്തിന് പിന്നിലെന്ന് കെ.എം മാണി തന്നോട് പറഞ്ഞിരുന്നതായി ലേഖന കർത്താവ് കുര്യാസ് കുമ്പളക്കുഴി വെളിപ്പെടുത്തുന്നു. കരിങ്ങോഴയ്ക്കൽ വീട്ടിൽ താനും മാണി സാറും തനിച്ചായിരിക്കവേയായിരുന്നു ഇക്കാര്യം പറഞ്ഞത്. 'ഒരു ദിവസം ചെന്നിത്തല ഒരു മുതിർന്ന നേതാവിനെ തന്റെ അടുത്തേക്കയച്ചു. ഉമ്മൻ ചാണ്ടിയെ മാറ്റി രമേശിനെ മുഖ്യമന്ത്രിയാക്കാൻ സഹായിക്കണമെന്നായിരുന്നു ആവശ്യം. അതു വയ്യെന്നു താനറിയിച്ചു.' ഇപ്പോൾ പുറത്തുവന്നിരിക്കുന്ന പാർട്ടിയുടെ അന്വേഷണ റിപ്പോർട്ടിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.
ഇപ്പോൾ അതു വീണ്ടും പ്രസക്തമാകുന്നത്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് അന്ന് ഒരു കോടി രൂപ ബാറുടമകൾ കോഴ നൽകി എന്ന ആരോപണം അന്നത്തെ ആരോപണ കർത്താവു തന്നെ വീണ്ടും ഉന്നയിച്ചതുകൊണ്ടാണ്. മാണിക്കെതിരേ ബാർ കോഴ ആരോപണമുയരുമ്പോൾ രമേശ് ചെന്നിത്തല ആഭ്യന്തര വകുപ്പിന്റെയും വിജിലൻസിന്റെയും ചുമതലയുള്ള മന്ത്രിയായിരുന്നു. താക്കോൽ സ്ഥാനത്തു നല്ല നായരുണ്ടാവണമെന്ന എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ ആവശ്യത്തിന് ഒരു മുന്നറിയിപ്പിന്റെ സ്വരമുണ്ടായിരുന്നതു കൊണ്ടാവണം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രമേശ് ചെന്നിത്തലയെ ഇടക്കാലത്ത് മന്ത്രിയാക്കിയത്. ജനുവരി ഒന്നിന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തു. തിരുവഞ്ചൂർ രാധാകൃഷ്ണന്റെ കൈവശമിരുന്ന ആഭ്യന്തര വകുപ്പെടുത്ത് അദ്ദേഹത്തിനു നൽകുകയും ചെയ്തു. ഇപ്പോൾ മദ്യവ്യവസായി ആവർത്തിക്കുന്ന ആരോപണം ശരിയെങ്കിൽ മാണിക്കെതിരേ ത്വരിതാന്വേഷണം പ്രഖ്യാപിക്കുമ്പോൾ രമേശ് ചെന്നിത്തലയുടെ കൈയിൽ അഴിമതിക്കറ പുരണ്ടിട്ടുണ്ടായിരുന്നു. ആ കൈ കൊണ്ടാണ് അദ്ദേഹം അന്വേഷണ ഉത്തരവിൽ ഒപ്പുവെച്ചത്. അക്കാര്യത്തിൽ അദ്ദേഹം അനാവശ്യ ധിറുതി കാണിച്ചു എന്നാണ് വിമർശകരുടെ ആക്ഷേപം.
ബാർ കോഴ ആരോപണം ഉയരുമ്പോൾ ചെന്നിത്തല അമേരിക്കയിലായിരുന്നു. അന്നത്തെ സ്പീക്കർ ജി. കാർത്തികേയനെ വിദഗ്ധ ചികിത്സയ്ക്കു കൊണ്ടുപോയപ്പോൾ അദ്ദേഹവും ഒപ്പം പോയതാണ്. ആരോപണങ്ങൾ ഉയർന്നതിന്റെ മൂന്നാം ദിവസം, നവംബർ രണ്ടിനു മടങ്ങിയെത്തിയ അദ്ദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ചു തന്നെ ഫയലിൽ ഒപ്പിട്ടത്രേ. തുടർന്ന് പോയത് തൃശൂർക്ക്. അവിടെ തന്നെ കാണാനെത്തിയ മാധ്യമ പ്രവർത്തകരോടാണ് ഇക്കാര്യം ആദ്യം വെളിപ്പെടുത്തിയത്. തന്നെപ്പോലെ മുതിർന്ന ഒരു രാഷ്ട്രീയ നേതാവിനെതിരേ, മന്ത്രിസഭയിലെ ഏറ്റവും മുതിർന്ന അംഗത്തിനെതിരേ, വേണ്ടത്ര ചർച്ചയും കൂടിയാലോചനയുമില്ലാതെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതിൽ കെ.എം. മാണി വളരെ അസ്വസ്ഥനായിരുന്നു. മദ്യ വ്യവസായിയുടെ ആരോപണത്തേക്കാൾ, അദ്ദേഹത്തെ വേദനിപ്പിച്ചതും ഈ നടപടിയായിരുന്നു.
കാബിനറ്റ് റാങ്കുള്ള മന്ത്രിമാരല്ലാത്തവർക്കും മന്ത്രിമാർക്കു തുല്യം ഓഫീസും പേഴ്സണൽ സ്റ്റാഫുമൊക്കെ ഉണ്ടാവും. അതൊരു ധൂർത്ത് എന്നതിനപ്പുറത്ത് ഗവൺമെന്റിനോ ജനങ്ങൾക്കോ പ്രയോജനമുള്ള നടപടിയൊന്നുമല്ല. കുറെ പാർശ്വവർത്തികൾക്കു ശമ്പളം വാങ്ങാനും ഭരണത്തിൽ പിൻവാതിലിലൂടെ പങ്കുപറ്റാനും അവസരം ലഭിക്കുന്നുണ്ടെന്നു മാത്രം. പ്രതിപക്ഷ നേതാവിനും ചീഫ് വിപ്പിനും പുറമെ, ഇത്തരത്തിൽ കാബിനറ്റ് റാങ്കുള്ള രണ്ടു പ്രമാണിമാർ കിടക്കയിൽ നിന്നെഴുന്നേൽക്കാൻ പോലും വയ്യാതെ കിടന്നുകൊണ്ടു ജനസേവനം നിർവഹിക്കുന്നുണ്ട്. ഭരണ പരിഷ്‌കാര കമ്മീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദനും ഇപ്പോഴും മുന്നാക്ക സമുദായ വികസന കോർപറേഷൻ ചെയർമാനായി തുടരുന്ന ആർ. ബാലകൃഷ്ണപിള്ളയും. രണ്ടു നേതാക്കൾക്കും സർക്കാർ അനുവദിച്ചിരിക്കുന്ന വാർധക്യ കാലാശ്വാസമെന്നും ലേഖനം പരിഹസിക്കുന്നു.