കൊച്ചി- ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റക്കും എ.ഡി.ജി.പി ബി സന്ധ്യക്കുമെതിരെ രൂക്ഷ വിമർശനവുമായി നടൻ ദിലീപ് രംഗത്ത്. തന്നെ ബോധപൂർവ്വം കേസിൽ പെടുത്താൻ ഇരുവരും ശ്രമിച്ചെന്നും കേസന്വേഷണം സി.ബി.ഐയെ ഏൽപ്പിക്കണമെന്നും ആഭ്യന്തര സെക്രട്ടറിക്ക് നല്കിയ കത്തിൽ ദിലീപ് ആവശ്യപ്പെട്ടു. കേസ് സി.ബി.ഐക്ക് കൈമാറുകയോ ഡി.ജി.പിയും എ.ഡി.ജി.പിയും ഉൾപ്പെടാത്ത പുതിയ അന്വേഷണസംഘത്തെ കേസ് ഏൽപ്പിക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടു. ഡി.ജി.പിക്കും എ.ഡി.ജി.പിക്കും ഈ കേസിൽ നിഗൂഢതാൽപര്യങ്ങളുണ്ടെന്നും രണ്ടാഴ്ച്ച മുമ്പ് കൈമാറിയ കത്തിൽ ദിലീപ് ആവശ്യപ്പെട്ടു. എന്നാൽ ഇതുവരെ ആഭ്യന്തരവകുപ്പ് ഇതിന് മറുപടി നൽകിയിട്ടില്ല.
സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിക്കാനും നീക്കമുണ്ട്. വ്യാജ തെളിവുണ്ടാക്കിയാണ് തന്നെ കുടുക്കിയതെന്നും ദിലീപ് പറഞ്ഞു. കേസിൽ ഇതേവരെ കുറ്റപത്രം സമർപ്പിക്കാൻ പോലീസിന് കഴിഞ്ഞിട്ടില്ല. പ്രധാന തൊണ്ടിമുതൽ എന്ന് പോലീസ് പറയുന്ന മൊബൈൽ ഫോൺ ഇനിയും കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല.