ന്യൂദല്‍ഹി- കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ദല്‍ഹി അതിര്‍ത്തിയില്‍ പ്രക്ഷോഭം നയിക്കുന്ന കര്‍ഷകരെ ദല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി മേധാവിയുമായ അരവിന്ദ് കെജ്‌രിവാള്‍ സന്ദര്‍ശിച്ചു. തിക്രി അതിര്‍ത്തിയിലെത്തിയാണ് അദ്ദേഹം കര്‍ഷകരെ കണ്ടത്. കര്‍ഷകരുടെ ആവശ്യം ന്യായമാണെന്നും നാളെ രാജ്യത്തുടനീളം നടക്കുന്ന ഭാരത് ബന്ദിനെ പിന്തുണയ്ക്കുന്നതായും അദ്ദേഹം പറഞ്ഞു. കൊടു ശൈത്യത്തെ വകവെക്കാതെ 12 ദിവസമായി പ്രതിഷേധ സമരം തുടരുന്ന കര്‍ഷകരുടെ ക്ഷേമം അന്വേഷിക്കാനും അവരുടെ സൗകര്യങ്ങള്‍ വിലയിരുത്താനുമാണ് മുഖ്യമന്ത്രി തിക്രി അതിര്‍ത്തിയിലെത്തിയത്. 'ഞങ്ങള്‍ കര്‍ഷകരുടെ എല്ലാ ആവശ്യങ്ങലേയും പിന്തുണയ്ക്കുന്നു. അവരുടെ ഉന്നയിക്കുന്ന പ്രശ്‌നങ്ങളില്‍ കാര്യമുണ്ട്. ഞാനും എന്റെ പാര്‍ട്ടിയും തുടക്കം മുതല്‍ കര്‍ഷകര്‍ക്കൊപ്പമുണ്ട്. സമരങ്ങളുടെ തുടക്കത്തില്‍ ഒമ്പതു സ്റ്റേഡിയങ്ങള്‍ ജയിലുകളാക്കാന്‍ ദല്‍ഹി പോലീസ് അനുമതി തേടുകയും അതിനായി സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തിരുന്നു. എന്നാല്‍ അതിനു അനുമതി നല്‍കിയില്ല,' കെജ്‌രിവാള്‍ പറഞ്ഞു.
ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ കര്‍ഷകരുടെ സേവനത്തിനായി രംഗത്തുണ്ടെന്നും താന്‍ ഇവിടെ വന്നത് മുഖ്യമന്ത്രിയായിട്ടല്ല, സേവകനായിട്ടാണെന്നും അദ്ദേഹം പറഞ്ഞു.