ന്യൂദല്‍ഹി- അമേരിക്കന്‍ മരുന്ന് കമ്പനി ഫൈസറിനു പിന്നാലെ ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ വിപണനത്തിന് അനുമതി തേടി പുനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടും കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചു. മൂന്നാം ഘട്ട പരീക്ഷണത്തിലിരിക്കുന്ന കോവിഷീല്‍ഡ് വാക്‌സിന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കണമെന്നാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയ്ക്കു സമര്‍പിച്ച അപേക്ഷയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ വാക്‌സിന്‍ ഉല്‍പ്പാദകരാണ് സിറം.
ഓക്‌സ്‌ഫെഡ് യൂണിവേഴ്‌സിറ്റിയും ബ്രിട്ടീഷ് മരുന്ന കമ്പനയായ ആസ്ട്ര സെനക്കയും സംയുക്തമായി വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിനാണ് കോവിഷീല്‍ഡ്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ചിന്റെ സഹായത്തോടെ ഇന്ത്യയില്‍ പലയിടത്തും ഈ വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ പുരോഗമിച്ചു വരികയാണ്. അനുമതി തേടിയുള്ള അപേക്ഷയോടൊപ്പം ഇന്ത്യ, ബ്രിട്ടന്‍, ബ്രസീല്‍ എന്നിവിടങ്ങളിലെ ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ ഫലം സംബന്ധിച്ച വിവരങ്ങലും സിറം സമര്‍പ്പിച്ചിട്ടുണ്ട്.
ഈ വാക്‌സീന്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായി എന്നാരോപിച്ച് ചെന്നൈ സ്വദേശി കഴിഞ്ഞയാഴ്ച നഷ്ടപരിഹാരം തേടി രംഗത്തു വന്നിരുന്നു. എന്നാല്‍ ഇത് കോവിഷീല്‍ഡ് വാക്‌സിന്റെ അനന്തരഫലമല്ലെന്നാണ് വിശദീകരണം. അതേസമയം ഈ വാക്‌സിന്‍ സ്വീകരിച്ച ശേഷമാണ് രോഗിയായതെന്നും ഇപ്പോള്‍ ജോലി പോലും ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണെന്നും ചെന്നൈ സ്വദേശി ആരോപിച്ചിരുന്നു.