ന്യൂദല്‍ഹി- സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ചകള്‍ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും നിയന്ത്രണങ്ങളേര്‍പ്പെടുത്തരുതെന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ പറഞ്ഞു. ഇത്തരം നിയന്ത്രണ നീക്കങ്ങള്‍ നിയമ പോരാട്ടങ്ങളിലേക്ക് നയിക്കുമെന്നും അദ്ദേഹം എന്‍ഡിടിവിയോട് പറഞ്ഞു. 'ആരോഗ്യകരമായ ജനാധിപത്യത്തിന് സമൂഹ മാധ്യമങ്ങളിലെ തുറന്ന ചര്‍ച്ചകള്‍ നിയന്ത്രിക്കരുത്. പരിധികള്‍ വിടുന്നില്ലെങ്കില്‍ സാധാരണ സുപ്രീം കോടതി ഇത്തരം വിമര്‍ശനങ്ങളോട് പ്രതികരിക്കാറില്ല,' അദ്ദേഹം പറഞ്ഞു. സമീപ കാലത്തായി പല കോടതി വിധികളേയും ട്വിറ്ററില്‍ ചോദ്യം ചെയ്യപ്പെടാറുണ്ട്. ഇത് നിയന്ത്രിക്കുന്നത് അനാവശ്യമാണ്. ഈ സ്വാതന്ത്ര്യത്തെ തടയാന്‍ സര്‍ക്കാര്‍ ഒരു നീക്കവും നടത്താന്‍ പാടില്ല. തുറന്ന ജനാധിപത്യവും തുറന്ന ചര്‍ച്ചകളും നമുക്ക് ആവശ്യമാണ്- അദ്ദേഹം പറഞ്ഞു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ കേസുകളില്‍ മാത്രമാണ് സുപ്രീം കോടതി കോടതിയലക്ഷ്യം നടപടി സ്വീകരിക്കാറുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.