ന്യൂദൽഹി- കർഷക സമരം പരിഹരിക്കുന്നതിനായി കേന്ദ്ര സർക്കാർ നടത്തിയ അഞ്ചാംവട്ട ചർച്ചയും പരാജയപ്പെട്ടതിനു പിന്നാലെ കർഷക സംഘടനകൾ പ്രഖ്യാപിച്ച ഭാരത് ബന്ദിന് വ്യാപക പിന്തുണ. കോൺഗ്രസ് അടക്കമുള്ള യു.പി.എ കക്ഷികളും ഇടത് പാർട്ടികളും ആം ആദ്മി പാർട്ടിയും ടി.ആർ.എസും രംഗത്തെത്തി. ചൊവ്വാഴ്ചയാണ് ബന്ദ്.
കാർഷിക കരിനിയമങ്ങൾ പിൻവലിക്കാതെ ഒരു അനുരഞ്ജനത്തിനും തയാറല്ലെന്നു ചൂണ്ടിക്കാട്ടിയാണ് പതിനായിരക്കണക്കിനു കർഷകർ ദൽഹി അതിർത്തിയിൽ പ്രക്ഷോഭം നടത്തുന്നത്. ശനിയാഴ്ച നടന്ന ചർച്ചയും പരാജയപ്പെട്ടതോടെ ചൊവ്വാഴ്ച ആഹ്വാനം ചെയ്ത ഭാരത് ബന്ദ് പൂർണമാക്കാനാണ് കർഷക സംഘടനകളുടെ തീരുമാനം. ഇതിനു പൂർണ പിന്തുണയാണ് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ പ്രഖ്യാപിച്ചത്.
കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ, എൻ.സി.പി അധ്യക്ഷൻ ശരത് പവാർ, ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്, ജമ്മു കശ്മീരിലെ പുതിയ മുന്നണി പി.എ.ജി.ഡി ചെയർമാൻ ഫാറൂഖ് അബ്ദുള്ള, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ, സി.പി.ഐ (എം.എൽ) ജനറൽ സെക്രട്ടറി ദിപാങ്കർ ഭട്ടാചാര്യ, ഫോർവേർഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ദേബബ്രത ബിശ്വാസ്, ആർ.എസ്.പി ജനറൽ സെക്രട്ടറി മനോജ് ഭട്ടാചാര്യ എന്നിവർ ഒപ്പിട്ട സംയുക്ത പ്രസ്താവനയും പുറത്തിറക്കി. ഇതിനു പിന്നാലെ കർഷക സമരത്തെയും ഭാരത് ബന്ദിനെയും പിന്തുണച്ച് ആം ആദ്മി നേതാവും ദൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളും തെലങ്കാനാ മുഖ്യമന്ത്രിയും ടി.ആർ.എസ് നേതാവുമായ ചന്ദ്രശേഖർ റാവുവും രംഗത്തെത്തി. എൻ.ഡി.എ സഖ്യകക്ഷിയായ രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടിയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ വിഷയം ഉന്നയിച്ച് രാഷ്ട്രപതിയെ കാണുമെന്നും രാജ്യമെമ്പാടും കർഷകർക്കൊപ്പം പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ശരത് പവാർ പറഞ്ഞു. അതിനിടെ ശിരോമണി അകാലിദൾ നേതാവ് പ്രേംസിംഗ് ചന്ദുമജ്ര തൃണമൂൽ കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തി. നിലവിലെ കർഷക സമരം കർഷകരുമായി മാത്രം ബന്ധപ്പെട്ടതല്ലെന്നും കേന്ദ്രത്തിന്റെ ഏകാധിപത്യത്തിനെതിരേയുള്ള പോരാട്ടം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ മറ്റുള്ള രാഷ്ട്രീയ പാർട്ടികളുമായി ചർച്ച നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.