ന്യൂദല്‍ഹി-കര്‍ഷക സമരത്തില്‍ വീണ്ടും കര്‍ഷകര്‍ക്ക് കരുത്ത് നല്‍കി പഞ്ചാബി ഗായകന്‍ ദില്‍ജിത് ദോസാന്‍ഝ്. ദല്‍ഹിയില്‍ കര്‍ഷകര്‍ക്ക് തണുപ്പിനെ അതിജീവിക്കാനായി കമ്പിളി പുതപ്പ് വാങ്ങാന്‍ ഒരു കോടി നല്‍കിയിരിക്കുകയാണ് ദില്‍ജിത്. ഗായകന്‍ സിന്‍ഘയാണ് ഈ കാര്യം ഇന്‍സ്റ്റാഗ്രാം വഴി അറിയിച്ചത്. നേരത്തെ, ദല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ ദില്‍ജിത് സന്ദര്‍ശിക്കുകയും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സമരത്തെ പരിഹസിച്ച നടി കങ്കണ റണാവത്തിനെതിരെയും ദില്‍ജിത് വിമര്‍ശനമുന്നയിച്ചിരുന്നു. കര്‍ഷക സമരത്തിനെത്തിയ മൊഹിന്ദര്‍ കൗര്‍ എന്ന വയോധികയെ, ബില്‍കിസ് ബാനുവായി ചിത്രീകരിക്കുകയും 100 രൂപ കൊടുത്താല്‍ ഏത് സമരത്തിനും ലഭിക്കുന്ന ദാദിയെന്നുമായിരുന്നു കങ്കണയുടെ പരാമര്‍ശം. ഇതിനെതിരെയായിരുന്നു ദില്‍ജിത്തിന്റെ പ്രതികരണം. കങ്കണയ്ക്ക് സാമാന്യബുദ്ധിയില്ലെന്നും മുതിര്‍ന്നവരെ ഏങ്ങിനെ ബഹുമാനിക്കണമെന്ന് തങ്ങള്‍ പഠിപ്പിക്കാമെന്നും ദില്‍ജിത്ത് കുറിച്ചു. സര്‍ക്കാറിനോട് ഞാന്‍ അപേക്ഷിക്കുന്നു, പ്രശ്‌നങ്ങളില്‍ നിന്ന് ഒഴിഞ്ഞ് മാറരുത്. നമുക്ക് അന്നം തരുന്നവരാണ് ഇവര്‍. കര്‍ഷകര്‍ എന്താണോ പറയുന്നത് അത് സര്‍ക്കാര്‍ കേള്‍ക്കാനുള്ള മനസ്സു കാണിക്കണം- ദില്‍ജിത് പറഞ്ഞു.