Sorry, you need to enable JavaScript to visit this website.

സൂറത്തില്‍ വനിതാ എസ്.ഐ  വെടിയേറ്റ് മരിച്ച നിലയില്‍

സൂറത്ത്-വനിതാ പോലീസ് ഉദ്യോഗസ്ഥ സ്വയം വെടിവച്ച് ജീവനൊടുക്കി. ഗുജറാത്ത് പോലീസ് എസ്.ഐ എ.പി.ജോഷി (32)യാണ് സര്‍വീസ് പിസ്റ്റല്‍ ഉപയോഗിച്ച് വെടിവച്ച് മരിച്ചത്. കഴിഞ്ഞദിവസം ഉച്ചയോടെ ഫല്‍സാവാദിയിലെ പോലീസ് കോളനിയിലെ വീട്ടിലാണ് ജോഷി ജീവനൊടുക്കിയത്. സംഭവസമയത്ത് ഇവര്‍ വീട്ടില്‍ തനിച്ചായിരുന്നു. ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കും 12.45നും ഇടയ്ക്കാണ് സംഭവം. വയറ്റിലേക്ക് വെടിയുതിര്‍ത്തതിനെ തുടര്‍ന്നുണ്ടായ അമിത രക്തസ്രാവമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്. മരിക്കുന്നതിന് കുറച്ച് സമയം മുന്‍പ് ജോഷി, പോലീസ് ഡ്രൈവറായ ഭര്‍ത്താവ് വൈഭവിനോട് ഫോണില്‍ സംസാരിച്ചിരുന്നു. ഇത് കഴിഞ്ഞാണ് ആത്മഹത്യ. ഇത്തരമൊരു കടുംകൈ ചെയ്യാന്‍ ഇവരെ പ്രേരിപ്പിച്ചതെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
ജോഷിയുടെ ഭര്‍ത്താവ് വൈഭവും നാലുവയസുകാരനായ മകനും മാതാപിതാക്കള്‍ക്കൊപ്പം ഒരു ബന്ധുവിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് സംഭവം. ജോഷിയുടെ വാട്‌സ് ആപ്പ് സ്റ്റാറ്റസില്‍ മിസ് യു എന്ന സന്ദേശം കണ്ട വൈഭവ്, ഭാര്യയെ വിളിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് ബന്ധുവിനെ വിളിച്ച് വീട്ടില്‍പ്പോയി തിരക്കി വരാന്‍ ആവശ്യപ്പെട്ടു. ഇയാള്‍ വീട്ടിലെത്തി പലതവണ വാതിലില്‍ മുട്ടിയെങ്കിലും പ്രതികരണം ഉണ്ടായില്ല തുടര്‍ന്നാണ് പോലീസിനെ വിവരം അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി വാതില്‍ തകര്‍ത്ത് അകത്ത് കയറിപ്പോഴാണ് ജോഷിയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. യുവതിയുടെ മുറിയില്‍ നിന്നും ഒരു ഡയറിയും പോലീസ് കണ്ടെത്തിയിരുന്നു. 'ജീവിക്കാനും മരിക്കാനും ബുദ്ധിമുട്ടാണ്. എന്റെ മരണത്തിന് ആരും ഉത്തരവാദിയല്ല' എന്നാണ് ഡയറിയില്‍ കുറിച്ചിരുന്നത്. എന്നാല്‍ ഇത് ജോഷിയുടെ ആത്മഹത്യാക്കുറിപ്പ് ആണോയെന്ന കാര്യവും പോലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. 


 

Latest News