സൗദിയില്‍ നെല്‍കൃഷിയും വിജയം; നൂറുമേനി വിളവാണ് പ്രതീക്ഷ

അല്‍ജൗഫ് പ്രവിശ്യയില്‍ പെട്ട ത്വബര്‍ജലില്‍ കൊയ്ത്തിന് പാകമായ സൗദി പൗരന്‍ സാലിം അല്‍ശറാരിയുടെ നെല്‍കൃഷി.
സാലിം അല്‍ശറാരി തേയില ചെടി പരിചരണത്തില്‍.

സകാക്ക - അല്‍ജൗഫ് പ്രവിശ്യയില്‍ പെട്ട ത്വബര്‍ജലിലെ അല്‍നബക് അബൂഖസ്ര്‍ നിവാസിയായ സൗദി പൗരന്‍ സാലിം അല്‍ശറാരി വ്യത്യസ്ത വിളകള്‍ കൃഷി ചെയ്ത് വിസ്മയമാവുകയാണ്.

നെല്ലും തേയിലയും പിസ്തയും കുങ്കുമവും അടക്കമുള്ളവയാണ് സാലിം അല്‍ശറാരി പരീക്ഷണാര്‍ഥം കൃഷി ചെയ്യുന്നത്. കൊയ്ത്തിന് പാകമായ ഇദ്ദേഹത്തിന്റെ നെല്‍കൃഷിയിലൂടെ ഇത്തവണ നൂറുമേനി വിളവാണ് പ്രതീക്ഷിക്കുന്നത്.

https://www.malayalamnewsdaily.com/sites/default/files/2020/12/06/aljouffarmer.jpg

സാലിം അല്‍ശറാരി തേയില ചെടി പരിചരണത്തില്‍.

നെല്ലും തേയിലയും പിസ്തയും കുങ്കുമവും രാജ്യത്ത് പരിചിതമല്ലാത്ത കാര്‍ഷിക വിളകളും കൃഷി ചെയ്യണമെന്ന ആഗ്രഹം ഏറെ കാലമായി തന്റെ മനസ്സിലുണ്ടായിരുന്നെന്ന് സാലിം അല്‍ശറാരി പറയുന്നു. സൗദിയിലെ മറ്റു പ്രവിശ്യകളെ അപേക്ഷിച്ച് അല്‍ജൗഫിലെ മണ്ണ് ഫലഭൂയിഷ്ഠവും കൃഷിക്ക് അനുയോജ്യവുമാണ്. ഇവിടെ ഭൂഗര്‍ഭജലവും സുലഭമാണ്. ഈത്തപ്പനയും ഒലീവും അടക്കമുള്ളവയുടെ കൃഷി പ്രവിശ്യയില്‍ വന്‍ വിജയമാണ്. എല്ലാവിധ പച്ചക്കറികളും പഴവര്‍ഗങ്ങളും അല്‍ജൗഫില്‍ കൃഷി ചെയ്യുന്നു. ഇതാണ് രാജ്യത്ത് സുപരിചിതമല്ലാത്ത വ്യത്യസ്തമായ കാര്‍ഷിക വിളകള്‍ പരീക്ഷണാര്‍ഥം കൃഷി ചെയ്യണമെന്ന ആഗ്രഹം തന്റെ മനസ്സിലുണ്ടാക്കിയത്. ഇത് വലിയ വിജയമായി മാറി.

തന്റെ പുതിയ കൃഷികളില്‍ വിളവെടുപ്പ് ആരംഭിച്ചിട്ടുണ്ട്. മറ്റു കര്‍ഷകര്‍ക്കു കൂടി പ്രോത്സാഹനമായി മാറാനാണ് തന്റെ കൃഷി പരീക്ഷണ വിജയത്തെ കുറിച്ച് പരസ്യപ്പെടുത്തുന്നത്. നെല്ല്, തേയില, കുങ്കുമം, പിസ്ത കൃഷികള്‍ക്ക് പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമാണ്. നെല്‍കൃഷിയിലൂടെ തുടക്കത്തില്‍ 100 കിലോയോളം അരിയാണ് ഉല്‍പാദിപ്പിച്ചത്. നെല്‍കൃഷി വര്‍ധിപ്പിക്കുന്നതിന് പാടങ്ങള്‍ വിശാലമാക്കിവരികയാണെന്നും സാലിം അല്‍ശറാരി പറയുന്നു.

 

 

Latest News