ലണ്ടന്‍-ട്രാക്ടറും, കാറുമായി ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് മുന്നില്‍ പ്രതിഷേധം. ഇന്ത്യ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ദല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധം അന്താരാഷ്ട്ര ശ്രദ്ധ നേടിക്കഴിഞ്ഞു. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ കര്‍ഷക സമരത്തിനു പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ കാര്‍ഷിക നിയമത്തില്‍ ആശങ്ക രേഖപ്പെടുത്തി 36 ബ്രിട്ടീഷ് എംപിമാര്‍ ഫോറിന്‍ സെക്രട്ടറി ഡൊമിനിക് റാബിന് കത്തയച്ചു. പഞ്ചാബിലെ സ്ഥിതിഗതികള്‍ മോശമാകുന്നതും, കേന്ദ്രവുമായുള്ള ബന്ധം വഷളാകുന്നതും സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ അടിയന്തര യോഗം വിളിക്കണമെന്നാണ് എംപിമാര്‍ റാബിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യയുടെ ബ്രെഡ് ബാസ്‌കറ്റിന് നല്‍കുന്ന മരണ വാറണ്ടാണ് പുതിയ കര്‍ഷക നിയമങ്ങളെന്നാണ് എംപിമാര്‍ ഒപ്പിട്ട കത്തില്‍ ആരോപിക്കുന്നത്. നിയമം മൂലം ബ്രിട്ടീഷ് സിഖ്, പഞ്ചാബി വിഭാഗങ്ങള്‍ക്ക് നേരിടുന്ന പ്രത്യാഘാതം ഇന്ത്യന്‍ പ്രതിനിധികളെ അറിയിക്കണമെന്നും എംപിമാര്‍ ആവശ്യപ്പെടുന്നു. പ്രതിഷേധങ്ങള്‍ യുകെയിലെ സിഖ് സമൂഹത്തിന് വലിയ ആശങ്കയാണ് ജനിപ്പിക്കുന്നത്, പ്രത്യേകിച്ച് ഇവരുടെ കുടുംബാംഗങ്ങള്‍ പഞ്ചാബില്‍ വസിക്കുന്നു, കത്ത് പറയുന്നു. സിഖ് ലേബര്‍ എംപി താന്‍ ധേസിയാണ് കത്ത് എഴുതിയത്. പഞ്ചാബ് വംശജരായ നിരവധി ലേബര്‍ എംപിമാര്‍ കത്തില്‍ ഒപ്പുവെച്ചു.