ന്യൂദല്‍ഹി-താജ്മഹലില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി താജ്മഹലിലേക്ക് മെട്രോ സൗകര്യം ഒരുക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. മെട്രോ നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം പ്രധാന മന്ത്രി നരേന്ദ്ര മോഡി നാളെ നിര്‍വഹിക്കും. മൊത്തം 29.4 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ രണ്ടു ഇടനാഴികളോടുകൂടിയതാണ് ആഗ്ര മെട്രോ പദ്ധതി. താജ്മഹല്‍, ആഗ്ര കോട്ട, സിക്കന്ദ്ര തുടങ്ങിയ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളെ മെട്രോ കൂട്ടിയിണക്കും.
റെയില്‍വേ സ്‌റ്റേഷനെയും ബസ് സ്റ്റാന്‍ഡുകളെയുമൊക്കെ ഇതുമായി ബന്ധിപ്പിക്കും. ആഗ്രയിലെ താമസക്കാരായ 26 ലക്ഷത്തോളം ജനങ്ങള്‍ക്കും പ്രതിവര്‍ഷം ആഗ്ര സന്ദര്‍ശിക്കുന്ന 60 ലക്ഷത്തോളം വിനോദസഞ്ചാരികള്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ചരിത്രനഗരമായ ആഗ്രയ്ക്ക് പരിസ്ഥിതിസൗഹൃദവും വേഗമേറിയതുമായ മെട്രോ പദ്ധതി ഏറെ ഗുണകരമാകും. അഞ്ചുവര്‍ഷംകൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. പദ്ധതിക്ക് 8379.62 കോടി രൂപയാണ് ചെലവ്.